സിനിമ ടൂറിസത്തിനു കേരളത്തിൽ അനന്ത സാധ്യതകളാണുള്ളതെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഗൗരവകരമായ ചർച്ചകൾ ആരംഭിച്ചതായും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലയാളി മനസിൽ താലോലിക്കുന്ന ഹിറ്റ് സിനിമകൾക്കു പശ്ചാത്തലമായ മനോഹര പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുകയെന്നതാണു സിനിമ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര രംഗത്തു കേരളത്തിന്റെ പുത്തൻ ചുവടുവയ്പ്പാകുന്ന സിനിമ ടൂറിസം സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും കൈകോർത്താകും നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽനിന്നു വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിവോൾവിങ് ഫണ്ട് പദ്ധതിയുടെ ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘അങ്ങാടി’ സിനിമയ്ക്കു പശ്ചാത്തലമായ കോഴിക്കോട് വലിയങ്ങാടി, ‘കിരീടം’ സിനിമയിലെ കിരീടം പാലം, ‘ബോംബെ’ സിനിമയ്ക്കു ലൊക്കേഷനായ ബേക്കൽ, ‘വെള്ളാനകളുടെ നാട്ടി’ലെ വയനാട് ചുരം അങ്ങനെ എത്രയെത്ര മനോഹര സ്ഥലങ്ങളാണു മലയാളിയുടെ മനസിൽ ഇന്നും മായാത്ത രംഗങ്ങളായി തെളിയുന്നത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ സിനിമ ഷൂട്ടിംഗുകൾ നടക്കുന്ന പാലക്കാട് ജില്ലയിലെ പല പ്രകൃതി രമണീയ സ്ഥലങ്ങളും ഇന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ്.
ഈ ലൊക്കേഷനുകളിലേക്ക് ഒരിക്കൽക്കൂടി വെള്ളിത്തിരയിൽക്കണ്ട നായകനും നായികയും എത്തിയാൽ അതു ടൂറിസം രംഗത്ത് എത്ര വലിയ ഉണർവുണ്ടാക്കും. ഇതു പ്രയോജനപ്പെടുത്തുകയാണു സിനിമ ടൂറിസത്തിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. പദ്ധതി സംബന്ധിച്ചു സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. സിനിമ രംഗത്തുള്ളവരെയും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരേയും ഇതിന്റെ ഭാഗമാക്കി പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണു ടൂറിസം വകുപ്പ്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വലിയ പിന്തുണ നൽകുന്നതാകും ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽനിന്നുള്ള പുനരുദ്ധാരണം ലക്ഷ്യംവച്ച് റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
സഞ്ചാരികളുടെ വരവു നിലച്ചതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. ഈ സ്ഥിതിയിൽനിന്നു വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു റിവോൾവിങ് ഫണ്ട് പദ്ധതി. 10 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ഈടും പലിശയുമില്ലാതെ 10,000 രൂപയാണു വായ്പയായി നൽകുന്നത്. ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന അംഗീകൃത സംഘടനകളിലെ അംഗവും ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴിലുകൾ ചെയ്തിരുന്നവരുമായവർ, ഉത്തരവാദിത്ത ടൂറിസം മിഷൻ മുഖേന രജിസ്റ്റർ ചെയ്ത യൂണിറ്റുകൾ തുടങ്ങിയവർക്കു ലഭ്യമാകുന്ന ഈ വായ്പ അഞ്ചു വർഷ കാലാവധിയിലാണു നൽകുന്നത്. ഒരു വർഷം കഴിഞ്ഞു തിരിച്ചടവു തുടങ്ങിയാൽ മതിയാകും. തിരിച്ചടയ്ക്കുന്നതനുസരിച്ചു പുനർ വായ്പ ലഭ്യമാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.