സമയം അമൂല്യം; ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശം

സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ‘സമയം അമൂല്യം’ (Precious time) എന്നതാണ് ഈ വർഷത്തെ സ്‌ട്രോക്ക് ദിന സന്ദേശം. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടായാൽ സമയബന്ധിതമായി ചികിത്സ നൽകുന്നതിലൂടെ വൈകല്യങ്ങൾ ഒഴിവാക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സാധിക്കുന്നുവെന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക്. രക്താതിമർദ്ദത്തിന്റെയോ അല്ലെങ്കിൽ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്.

വളരെ വിലയേറിയ സ്‌ട്രോക്ക് ചികിത്സ സാധാരണക്കാരിൽ എത്തിക്കാനായി സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും സ്‌ട്രോക്ക് സെന്ററുകൾ സജ്ജമാണ്. പ്രധാന മെഡിക്കൽ കോളേജുകളിൽ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായി എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയിൽ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 10 ആശുപത്രികളിൽ ഇത് പ്രവർത്തന സജ്ജമാണ്.

ഈ വർഷത്തെ സ്‌ട്രോക്ക് ദിനത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയ പക്ഷാഘാത ബോധവൽക്കരണ ബാനർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പ്രകാശനം ചെയ്യും. സമയബന്ധിതമായി പക്ഷാഘാതം ചികിത്സിക്കേണ്ട ആവശ്യകതയെ കുറിച്ചും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും പക്ഷാഘാത ലക്ഷണങ്ങളുള്ളവർ അവലംബിക്കേണ്ട ചികിത്സാരീതികളെ കുറിച്ചും പ്രതിപാദിക്കുന്ന ഈ പോസ്റ്റർ ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ പ്രധാന ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതാണ്.