ലോകകപ്പ് ഫൂട്ട്ബോൾ 2022 ന് മുന്നോടിയായി 10 ലക്ഷം മരങ്ങൾ നട്ട് പിടിപ്പിക്കുമെന്ന് റിയാദ് പശ്ചിമേഷ്യൻ ഉച്ചകോടിയിൽ ഖത്തർ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ആദ്യ കാർബൺ രഹിത ലോകകപ്പായിരിക്കും 2022ൽ നടക്കുകയെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരീദ അൽ കാഅബി പറഞ്ഞു. 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്നും 2030 ഓടെ ഇത് ഒരു കോടി ആക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിര പരിസ്ഥിതി വികസനമാണ് ഖത്തർ വിഭാവനം ചെയ്ത ദേശീയ വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്താനായി യുഎന്നിന്റെ കീഴിൽ നടക്കുന്ന പദ്ധതികൾക്കും സൗദിയുടെ പ്രയത്നങ്ങൾക്കും എല്ലാവിധ പിന്തുണയും ഖത്തർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.