മന്‍ കി ബാത്
ലക്കം-28, സെപ്റ്റംബര്‍ 26, 2021
ചെറിയ പരിശ്രമങ്ങള്‍ രാജ്യത്തിന്റെ മാറ്റത്തിന്റെ യാത്രയെ മുന്നോട്ടു നയിക്കുകയാണ്-കൊറോണക്കെതിരായ പോരാട്ടം,പ്രാദേശിക ഉല്‍പ്പന്നങ്ങളോടുള്ള താല്‍പര്യം,ശുചിത്വം എന്ന ശീലം,നദികളുടെ പുനരുജ്ജീവനം,അറിയപ്പെടാത്ത നായകരുടെ കഥകളിലൂടെ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ടീം ഇന്ത്യ എന്ന ചിന്തയില്‍ വലിയ മുന്നേറ്റങ്ങളാണ് രാജ്യം നടത്തുന്നത്.ഈ വിഷയങ്ങളിലെല്ലാം മന്‍ കി ബാത് പരിപാടിയിലൂടെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിച്ചു.പ്രസക്തഭാഗങ്ങള്‍:
ശുചിത്വം ശീലമാകുന്നു: മഹാത്മാഗാന്ധിക്ക് നല്‍കുന്ന ഏറ്റവും വലിയ ആദരാഞ്ജലിയാണ് ശുചിത്വം.ഇന്ന്,നിരവധി ദശാബ്ദങ്ങള്‍ക്ക് ശേഷം ശുചിത്വ മുന്നേറ്റം രാജ്യത്തെ നവഭാരതം എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.ശുചിത്വം എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഉത്തരവാദിത്വമാണ്.ഇത് നാം വരും തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കണം.അങ്ങനെ അത് നമ്മുടെ സമൂഹത്തിന്റെ ഭാഗമായി മാറും.
സാമ്പത്തിക ശുചിത്വം:സാമ്പത്തിക ശുചിത്വത്തില്‍ സാങ്കേതികവിദ്യക്ക് വലിയ പ്രാധാന്യമുണ്ട്.ഗ്രാമങ്ങളില്‍ പോലും സാധാരണക്കാര്‍ യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്.അതിന്റെ പ്രാധാന്യം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്കായി രാജ്യത്തു നടത്തിയ ക്യാംപയിന്‍ സംബന്ധിച്ച് നിങ്ങള്‍ക്ക് അറിവുണ്ടാകും,അതുവഴി അര്‍ഹതപ്പെട്ട പണം പാവപ്പെട്ടവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് ലഭിക്കുന്നു.ശൗചാലയങ്ങള്‍ പാവപ്പെട്ടവരുടെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു,സമാനമായി സാമ്പത്തിക ശുചിത്വം പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നു.അവരുടെ ജീവിതം ആയാസരഹിതമാക്കുന്നു.
ദീന്‍ദയാല്‍ ഉപാധ്യായ ജി യുടെ സാമ്പത്തിക വീക്ഷണം:കഴിഞ്ഞ നൂറ്റാണ്ടിലെ മഹാന്‍മാരായ ചിന്തകരില്‍ പ്രധാനിയാണ് ദീന്‍ദയാല്‍ ഉപാധ്യായ ജി.അദ്ദേഹത്തിന്റെ സാമ്പത്തിക തത്വശാസ്ത്രം,നയങ്ങള്‍ എല്ലാം ലക്ഷ്യമിട്ടത് സമൂഹത്തിന്റെ ഉന്നമനമാണ്.അദ്ദേഹം കാണിച്ചു തന്ന അന്ത്യോദയയുടെ പാത ഇന്നും പ്രസക്തമാണ്,അത് സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു.ഒരിക്കലും പിന്‍മാറരുത് എന്ന പാഠമാണ് അദ്ദേഹത്തിന്റെ ജീവിതം നമുക്ക് നല്‍കുന്നത്.പ്രതികൂലമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര സാഹചര്യങ്ങളിലും സ്വദേശി,ഭാരതത്തിന്റെ വികസനത്തിന് സ്വദേശി മാതൃത എന്നുള്ള കാഴ്ച്ചപ്പാടുകളില്‍ നിന്നും അദ്ദേഹം വ്യതിചലിച്ചില്ല.
വോക്കല്‍ ഫോര്‍ ലോക്കല്‍:സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികമായ ഈ അമൃത് മഹോത്സവ കാലത്ത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ് ഖാദിക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യത.സ്വാതന്ത്ര്യസമര കാലത്ത് ഖാദിക്ക് എത്ര പ്രാധാന്യം ഉണ്ടായിരുന്നോ,അത്രയും പ്രാധാന്യം നമ്മുടെ യുവജനത ഖാദിക്ക് ഇന്ന് നല്‍കുന്നു.ഇനി ദീപാവലി ആഘോഷം വരികയാണ്,ദീപാവലി സമയത്ത് നിങ്ങള്‍ വാങ്ങുന്ന ഓരോ ഖാദി ഉല്‍പ്പന്നവും വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാംപയിനെ ശക്തിപ്പെടുത്തും,അത് എല്ലാ റെക്കോഡുകളെയും ഭേദിക്കണം.
അറിയപ്പെടാത്ത നായകരെ അറിയാന്‍ യുവജനങ്ങള്‍:അമൃത് മഹോത്സവത്തിന്റെ ഈ സമയത്ത് അറിയപ്പെടാതെ പോയ വീരനായകരുടെ കഥകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ഒരു ക്യാംപയിന്‍ നടക്കുന്നുണ്ട്.ഇതിനായി വരുംകാല എഴുത്തുകാരെയും,രാജ്യത്തെ യുവജനങ്ങളെയും,ലോകത്താകമാനമുള്ളവരെയും ക്ഷണിച്ചിട്ടുണ്ട്.ഇതില്‍ 14 വ്യത്യസ്തഭാഷകളിലായി 13000ത്തിലധികം ആളുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.5000ത്തിലധികം ഭാവി എഴുത്തുകാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ പോരാട്ടങ്ങളുടെ കഥ അന്വേഷിക്കുന്നു.
നദികളെ പുനരുജ്ജീവിപ്പിക്കുന്നു:ഭാരതത്തിന്റെ എല്ലാ ഭാഗത്തും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നദി ആഘോഷം സംഘടിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.നമുക്ക് നദികള്‍ ജീവനുള്ള ഒരു വസ്തുവാണ്.മണ്‍സൂണ്‍ കാലത്ത് ജലസംഭരണത്തിനായി ക്യാച്ച് ദി റെയിന്‍ ക്യാംപയിന്‍ നടത്തിയിരുന്നു.വറ്റിവരണ്ടുപോയ തമിഴ്‌നാട്ടിലെ നാഗനന്ദി നദി സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ഇന്ന് ജലസമൃദ്ധമായിരിക്കുന്നു.
സമ്മാനങ്ങളുടെ ഇ-ലേലം:ഈ ദിവസങ്ങളില്‍ ഒരു പ്രത്യേക ഇ-ലേലം നടന്നു.എനിക്ക് ആളുകള്‍ തന്ന സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചത്.ലേലത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ പണവും നമാമി ഗംഗെ പദ്ധതിയിലേക്ക് നല്‍കും.
ദിവ്യാംഗരുടെ ഉയര്‍ന്ന ആവേശം:നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവുമുള്ള നമ്മുടെ ദിവ്യാംഗര്‍ എല്ലാവര്‍ക്കും പ്രചോദനമാണ്.കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സിയാച്ചിനിലെ ദുര്‍ഘട സാഹചര്യത്തില്‍ 8 അംഗങ്ങളുള്ള ദിവ്യാംഗരുടെ സംഘം കാണിച്ച അഭ്യാസം രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാവുന്ന കാര്യമാണ്.കരസേനയുടെ പ്രത്യേക സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ പരിശ്രമഫലമായാണ് ഇത് സാധ്യമായത്.