നൂറ് കോടി വാക്സീൻ ഡോസ് നൽകാൻ കഴിഞ്ഞത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനവും വിജയവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിഐപി സംസ്കാരം ഒഴിവാക്കിയും വിവേചനം ഇല്ലാതെ വാക്‌സിനേഷൻ നൽകിയും നമ്മൾ വിജയം കൈവരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയാണെന്നും നമ്മുടെ രാജ്യമുണ്ടാക്കിയ കോവിൻ പ്ലാറ്റ്ഫോം ലോക ശ്രദ്ധ പിടിച്ചു പറ്റിയത് അഭിമാനകരമാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.
വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയതെന്നും കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ ഈ മുന്നേറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്ന് പലർക്കുമുണ്ടായ സംശയം അസ്ഥാനത്തായെന്നും പ്രധാനമന്ത്രി പറഞ്ഞു.