സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെറോ പ്രിവലൻസ് പഠനം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര പേർക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് പഠനം. കുട്ടികളിലും സെറോ പ്രിവലൻസ് പഠനം നടത്തുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാനും അതനുസരിച്ച് വാക്സിൻ വിതരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ കൃത്യതയോടെ നടപ്പിലാക്കാനും പഠനം സഹായകമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഈ മാസം അവസാനത്തോടെ പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റീൻ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി പോലീസിന്റെ 16,575 സംഘങ്ങളെയാണ് കഴിഞ്ഞ ഒരാഴ്ച മാത്രം നിയോഗിച്ചത്. 1,45,308 വീടുകളിൽ കഴിഞ്ഞയാഴ്ച പോലീസ് സന്ദർശനം നടത്തി. ക്വാറന്റീനിൽ കഴിയുന്ന 3,40,781 പേരെയാണ് പോലീസിന്റെ മോട്ടോർ സൈക്കിൾ സംഘം സന്ദർശിച്ച് വിവരങ്ങൾ അരാഞ്ഞത്. കഴിഞ്ഞയാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ 3,47,990 പേരെ ഫോണിൽ ബന്ധപ്പെട്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചു.
ക്വാറന്റീൻ ലംഘിച്ച 1239 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 18 വയസിന് മുകളിലുള്ള ബാക്കിയുള്ളവർക്ക് കൂടി ഈ മാസം തന്നെ വാക്സിൻ നൽകാനുള്ള പരിശ്രമത്തിലാണ് സർക്കാർ. രണ്ടു മൂന്നു മാസങ്ങൾക്കകം രണ്ടാം ഡോസ് വാക്സിനേഷനും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ, ശരാശരി കോവിഡ് ആക്ടീവ് കേസുകൾ 1,53,067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,998 കേസുകളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം ആറ് ശതമാനവും 21 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.