യാതൊരുവിധ രേഖകളും നൽകാതെ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ വഴി ലോണിന് അപേക്ഷിച്ച് പണം പെട്ടെന്ന് ലഭിക്കുമ്പോൾ, ആവശ്യക്കാർക്ക് അതൊരു ഉപകാരമാകും. പക്ഷേ ശേഷം വരുന്ന പ്രശ്നങ്ങൾ ഇടത്തരം വരുമാനക്കാരേയും വിദ്യാർത്ഥികളേയും നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ആദ്യം തന്നെ ഒരു കാര്യം ഓർമിപ്പിക്കട്ടെ, KYC രേഖകളും, നിങ്ങളുടെ ഫോട്ടോയും അപരിചിതരായ ആളുകൾക്ക് ഒരിക്കലും കൈമാറരുത്.
ഇൻസ്റ്റന്റ് ആപ്പ് ഡൗൺലോഡ് ചെയ്തു അതിലൂടെ കസ്റ്റമറുടെ KYC രേഖകൾ, ഫോട്ടോ, ഫോണിലുള്ള കോൺടാക്ട് ലിസ്റ്റ് എന്നിവ ഇത്തരക്കാർ ആദ്യം കൈക്കലാക്കുന്നു. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ള ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും മോശമായ കമന്റുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് ലോണെടുത്ത വ്യക്തിയെ അപമാനപ്പെടുത്തി സമ്മർദ്ദം ചെലുത്തുന്നു. വ്യാജമായ വക്കീൽ നോട്ടീസ് അയക്കുക, ഉപഭോക്താവിനെയും ബന്ധുക്കളെയും ദിവസം നിരവധി തവണ വിളിക്കുക തുടങ്ങിയ രീതികളാണ് ഇവർ സ്വീകരിക്കുന്നത്. ഗതികേടിലായ ഉപഭോക്താവ് ആവശ്യപ്പെടുന്ന തുക കൊടുത്ത് ലോൺ തീർക്കുന്നു.
ഇത്തരക്കാർക്കെതിരെ നമുക്ക് പരാതി സമർപ്പിക്കാവുന്നതാണ്. പരാതി ഭാരതീയ റിസർവ് ബാങ്കിന്റെ https://sachet.rbi.org.in/Complaints/Add എന്ന വെബ്സൈറ്റിൽ ഓൺലൈനായി നല്കാൻ സാധിക്കും. പരാതി ശരിയാണെങ്കിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും.