ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ രേഖാമൂലം പ്രതിഷേധമറിയിച്ചു.
നിയന്ത്രണം ഉപേക്ഷിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്തപക്ഷം സമാന നയം രാജ്യത്തും നടപ്പിലാക്കേണ്ടിവരുമെന്ന് ഇന്ത്യ ബ്രിട്ടന് മുന്നറിയിപ്പുനല്‍കി.
കൊവിഷീല്‍ഡിന്റെയോ കോവാക്‌സിന്റെയോ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ യു.കെയില്‍ എത്തിയാല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്തുടരണം. അടുത്തവര്‍ഷംവരെ ഈ നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്രനെക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് ഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. എന്നിട്ടും ബ്രിട്ടന്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് വംശീയമായി അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ആക്ഷേപമുണ്ട്.