ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 ന് പട്ടിണി സമരം നടത്തുമെന്ന് സംസ്ഥാനത്തെ റേഷ വ്യാപാരികൾ. റേഷൻ വ്യാപാരികളോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ഈ മാസം 17 ന് വഞ്ചനാദിനം ആചരിക്കുന്നത്. അതേസമയം പ്രതിഷേധ ദിനത്തിൽ റേഷൻ വിതരണം മുടങ്ങില്ലെന്നും റേഷൻ വ്യാപാരികൾ അറിയിച്ചു.
ഭക്ഷ്യകിറ്റ് വിതരണത്തിന്റെ പത്ത് മാസത്തെ കുടിശിക തുക നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. റേഷൻ വ്യാപാരികളുടെ ഇൻഷുറൻസ് പരിരക്ഷ പുനഃ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.