പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. വവ്വാലിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.
റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് മാർബർഗ് പടരാൻ സാധ്യത. ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന് അന്ത്യമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ടു മാസം പിന്നിടുമ്പോഴാണ് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം തടയാനായി രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ് മാർബർഗ് വൈറസ്. രോഗം ബാധിച്ചാല്‍ 88 ശതമാനം വരെ മരണം സംഭവിക്കാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിലൂടെയോ ആണ് മാർബർഗ് പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നത്.
വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളില്‍ രോഗബാധ പ്രകടമാകും. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ നേരത്തെ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടങ്ങളില്‍ 24 മുതൽ 88 ശതമാനം വരെയാണ് മരണനിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.