എറണാകുളം ജില്ലയെ പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയാക്കാന്‍ പദ്ധതി

എറണാകുളം: ജില്ലയെ പൂര്‍ണ വാക്‌സിനേറ്റഡ് ജില്ലയാക്കാന്‍ പദ്ധതി. എറണാകുളത്തെ 100 ശതമാനവും വാക്‌സിനേറ്റ് ചെയ്ത ജില്ലയാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ വളരെ വേഗത്തില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി 45 വയസിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് ജില്ലാ ഭരണകൂടം. ഇതിനായി ഞായറാഴ്ച്ച വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്‌സിന്‍ വിതരണം.

ഐ.എം.എ, ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ ഇതിനുവേണ്ടി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. നിലവില്‍ ജില്ലയില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 98 ശതമാനം പേര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള 76 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിക്കായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.