കൊച്ചി: രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശ യാത്ര തടസ്സപ്പെടുന്നതായി പ്രവാസികളുടെ പരാതി. പ്രവാസികള്‍ക്കുള്ള മുന്‍ഗണനാ വാക്‌സിന്‍ സ്വീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നട്ടംതിരിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് വിസാ കാലകവധി കഴിയുകയും ജോലി നഷ്ടപ്പെടുകയും ചെയ്തവര്‍ നിരവധിയാണ്.
പ്രവാസികളുടെ സൗകര്യാര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വാക്‌സിന്‍ നയമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. പ്രവാസികളുടെ വാക്‌സിനേഷന്‍ എളുപ്പമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിപരീതമായി 28 ദിവസത്തെ ഇടവേളകളില്‍ രണ്ട് വാക്‌സിനുകളും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കോവിന്‍ പോര്‍ട്ടലിലൂടെ സാധ്യമായില്ല. നിലവില്‍ ഇത്തരക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. എന്നാല്‍ വിദേശ യാര്‍ത്രകള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്രദമല്ല. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്.