കൊച്ചി: കോവിഡിന് എതിരായ തങ്ങളുടെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലെ 28,000- ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഫലവും സൈഡസ് സമര്‍പ്പിച്ചിട്ടുണ്ട്. 12 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികളില്‍ ഇതു സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ 50 കേന്ദ്രങ്ങളിലായി ഇതിന്റെ ക്ലിനികല്‍ ട്രയല്‍ നടത്തിയിരുന്നു.
ഇന്ത്യയില്‍ 12-18 പ്രായ പരിധിയിലുള്ളവര്‍ക്കിടയില്‍ പരീക്ഷണം നടത്തുന്ന ആദ്യ വാക്‌സിന്‍ കൂടിയാണിത്. ആയിരത്തോളം പരിശോധനകളില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ കണ്ട ടോളറബിലിറ്റി പ്രൊഫൈലിന്റെ അതേ അനുപാതം തന്നെയാണ് ദൃശ്യമായത്. മൂന്നു ഡോസുകളായി നല്‍കുന്നതായിരിക്കും സൈകോവിഡ് വാക്‌സിന്‍. രണ്ടു മുതല്‍ എട്ടു ഡിഗ്രി സെന്റീഗ്രേഡ് വരെ താപനിലയില്‍ സൂക്ഷിക്കുന്ന ഇത് 25 ഡിഗ്രി സെന്റീഗ്രേഡില്‍ കുറഞ്ഞത് മൂന്നു മാസമെങ്കിലും മികച്ച രീതിയില്‍ തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവിഡ് ഗവേഷണത്തിന്റേയും സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ പുതിയൊരു നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കാഡില ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷാര്‍വില്‍ പട്ടേല്‍ പറഞ്ഞു.