കേരളത്തിന് അടുത്ത മൂന്നാഴ്ച നിർണ്ണായകം; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണമെന്നും ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില്‍ തന്നെ നിര്‍ത്തിയിരുന്നു.

ഇപ്പോള്‍ ടി.പി. ആര്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി നിർദേശിച്ചു. ഏറ്റവും പുതിയ സിറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തില്‍ ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഏറ്റവുമധികം വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനത്തിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്‌സിജന്‍ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്തതിനാല്‍ അവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.