ചൈന: പ്രളയം കൊണ്ടുപോയത് 33 ജീവനുകളും 1400 കോടി രൂപയുടെ സാമ്പത്തികനഷ്ടവും

ചൈന: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ചൈനയിൽ 33 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്‌സൂവിലാണ് വ്യാപക നാശനഷ്ടങ്ങളും ഏറ്റവുംകൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് പേരെ കാണാതായതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1.2 കോടി ജനസംഖ്യയുള്ള ഷെങ്‌സൂവിൽ 30 ലക്ഷം പേർ പ്രളയ ദുരിതത്തിലാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെയുള്ള ഷാഓലിൻ ബുദ്ധ തീർത്ഥാടന ക്ഷേത്രമടക്കം വെള്ളത്തിനടിലായി.

അതിശക്തമായ മഴയും പ്രളയവും നശിപ്പിച്ചത് 2,15,200 ഹെക്ടറോളം വരുന്ന വിളകളെയാണ്. 1400 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ഈ മഹാപ്രളയം സൃഷ്ടിച്ചു.

പ്രളയ തീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നു വിട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 650 മില്ലീമീറ്റർ മഴയാണ് ഇവിടെ പെയ്തത്. നഗരത്തിൽ മെട്രോ ട്രെയിൻ സബ്‌വേയിലും കമ്പാർട്മെന്റിലും കഴുത്തറ്റം വെള്ളം കയറിയത് ആളുകളെ ഭീതിയിലാഴ്ത്തി. ഒത്തിരി നേരത്തെ പരിശ്രമത്തിനു ശേഷമാണ് യാത്രക്കാരെ രക്ഷപെടുത്താനായത്. അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ പലരും ഓഫീസുകളിലും സ്കൂളുകളിലും അപ്പാർട്മെന്റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. കഴിഞ്ഞ അറുപത് വർഷത്തിനിടെ ഏറ്റവും ഉയർന്ന തോതിലുള്ള മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്.