തിരുവനന്തപുരം: അപൂര്‍വ്വ ജനിതക വൈകല്യം ബാധിച്ച പിഞ്ചോമനയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ മിലാപിലൂടെ സമാഹരിച്ചത് 14.3 കോടി രൂപ. എസ്എംഎ ടൈപ്പ് -1 എന്ന അപൂര്‍വ്വ വൈകല്യം ബാധിച്ച 11 മാസം പ്രായമുള്ള പൂനെ സ്വദേശിയായ വേദികയുടെ ചികിത്സയ്ക്ക് 16 കോടിരൂപ വിലമതിപ്പുള്ള സോല്‍ജെന്‍സ്മ( zolgensma) എന്ന കുത്തിവെയ്പ്പ് ആവശ്യമായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ചെലവേറിയ മരുന്ന് വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ വേദികയുടെ മാതാപിതാക്കള്‍ സുമനസുകളുടെ കരുണതേടിയാണ് മിലാപിലൂടെ ചികിത്സാ ധനസമാഹരത്തിന് തുടക്കം കുറിച്ചത്.
വേദികയുടെ ദുരവസ്ഥയറിഞ്ഞ് നിരവധിപ്പേര്‍ സഹായഹസ്തവുമായി മുന്നോട്ടെത്തിയപ്പോള്‍ വെറും മൂന്നുമാസത്തിനുള്ളില്‍ മിലാപിലൂടെ 14.3 കോടിരൂപ സമാഹരിക്കാനായി. ഏകദേശം 1,34000 പേരില്‍ നിന്നാണ് ഇത്രയും വലിയ തുക ചുരുങ്ങിയ സമയത്തിനുള്ളില്‍ സമാഹരിച്ചത്. തുക ലഭ്യമായമുറയ്ക്ക് തന്നെ അമേരിക്കയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് ഡോക്ടര്‍മാര്‍ മരുന്ന് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. മരുന്നിന്റെ ഇറക്കുമതി തീരുവ,നികുതി മുതലായവയിലുള്ള ഇളവ് വേദികയുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. ഓര്‍ഡര്‍ ചെയ്ത മരുന്ന് ജൂലൈ രണ്ടിന് ആശുപത്രിയില്‍ എത്തും. ജൂലൈ പത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.
പ്രാരംഭ ഘട്ടത്തില്‍ മിലാപിലെ ധനസമാഹരണത്തിന് മികച്ച പ്രതികരണം മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു.ആദ്യ ആഴ്ച്ചയില്‍ ഏകദേശം ഒരുകോടി രൂപയാണ് സമാഹരിച്ചത്. വേദികയ്ക്ക് വേണ്ടി 50 ഓളം ക്യാമ്പയിന് മിലാപില്‍ തുടങ്ങുകയും ചെയ്തിരുന്നു. ബര്‍ഖ സിങ്, മാസ്റ്റര്‍ ഷെഫ് ശിപ്ര ഖന്ന, അനുപ്രിയ കപൂര്‍ തുടങ്ങിയ നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവേഴ്സേര്‍സും വേദികയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തി. കൂടാതെ പ്രശസ്ത ബോളിവുഡ്താരം ജോണ്‍ എബ്രഹാം സോഷ്യല്‍ മീഡിയിവഴി പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഭീമമായ തുക സമാഹിക്കുകയെന്ന ലക്ഷ്യം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മിലാപ് പ്രസിഡന്റ് അനോജ് വിശ്വനാഥന് പറഞ്ഞു. വേദികയുടെ ഒന്നാം ജന്മദിനത്തിന് മുമ്പ് ചികിത്സയ്ക്ക് ആവശ്യമായ പണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും മിലാപ് സ്വീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19 ചികിത്സാ ധനസമാഹരണക്കാരുടെ തിരക്കിനിടയിലും വേദികയുടെ ചികിത്സാ പുരോഗതിയെക്കുറിച്ചു പണത്തിന്റെ ലഭ്യതക്കുറവുമൂലം കുട്ടിയുടെ കുടുംബം നേരിടുന്ന വെല്ലുവിളികളും ദാതാക്കളെ കൃത്യമായ ഇടവേളകളില്‍ അറിയിക്കുന്നതിനും മിലാപിന് സാധ്യമായി. ചികിത്സയ്ക്ക് മുമ്പ് വേദിക നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയമാകുമെന്നും ഓര്‍ഡര്‍ ചെയ്ത മരുന്ന് അടുത്തയാഴ്ച്ച രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷയെന്നും അനോജ് പറഞ്ഞു.