കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ദക്ഷിണേന്ത്യയില്‍ കോവിഡ്-19 ബാധിച്ച് നിര്‍ഭാഗ്യവശാല്‍ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനായി പുതിയ ക്ഷേമ പദ്ധതി അവതരിപ്പിക്കുന്നു.
പകര്‍ച്ച വ്യാധിയില്‍ നിന്നും ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്പനി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍, സാനിറ്റൈസേഷന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനായി ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. സാധ്യമായ എല്ലാത്തരത്തിലും സ്ഥാപനത്തിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെന്നും കോവിഡ്-19 ഭീഷണിയില്‍ നിന്നും സ്വയം പരിരക്ഷിക്കുന്നതിന് ഓരോ ജീവനക്കാരും മുന്‍കരുതലെടുക്കുന്നുണ്ടെന്ന് പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
കോവിഡ്-19നെ തുടര്‍ന്ന് മരിക്കുന്ന ജീവനക്കാരുടെ ജീവിതപങ്കാളിക്കോ അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കോ അടുത്ത 24 മാസം കമ്പനി ശമ്പളം നല്‍കും.മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബത്തിന് മുത്തൂറ്റ് ഫിനാന്‍സ് ഒറ്റ തവണയായി നല്‍കുന്ന നഷ്ടപരിഹാര തുക ഉള്‍പ്പടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കു പുറമേയാണിത്. ഓരോ ജീവനക്കാരന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വവും സംരക്ഷണവും കമ്പനി ഉറപ്പു വരുത്തുന്നു.വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ജീവനക്കാര്‍ക്ക് 1500 രൂപ വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കേറ്റ് കോപ്പി സമര്‍പ്പിച്ചാല്‍ കമ്പനി നല്‍കും.