ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം. ആശുപത്രി കാമ്പസില്‍ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ വെന്റിലേറ്ററും മറ്റ് ആധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ 100 കിടക്കകളാണ് ഒരുക്കുന്നത്. ദേശീയ ആരോഗ്യ മിഷനുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ഈ കേന്ദ്രം സജ്ജമാക്കുന്നത്. ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.
ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിനു വിവിധ സഹായങ്ങളും സൗകര്യങ്ങളും ഫെഡറല്‍ ബാങ്ക് കേരളത്തിലും രാജ്യത്ത് മറ്റിടങ്ങളിലും നടപ്പിലാക്കിവരുന്നുണ്ട്. 10,000 വാക്‌സിന്‍ കാരിയര്‍ യൂണിറ്റുകള്‍ കേരള സര്‍ക്കാരിനു വേണ്ടി ബാങ്ക് നല്‍കുന്നുണ്ട്. ഇതിനു പുറമെ മലപ്പുറം ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി മൂന്ന് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ക്കുള്ള സഹായവും ഫെഡറല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളില്‍ പ്രമുഖ ആശുപത്രിയുമായി ചേര്‍ന്ന് വന്‍ വാക്‌സിനേഷന്‍ പദ്ധതിയും നടപ്പാക്കുന്നുണ്ട്.