എജി ആന്റ് പി പ്രഥമിന്റെ കേരളത്തിലെ ആദ്യ രണ്ട് സിഎന്‍ജി സ്റ്റേഷനുകള്‍ ആലപ്പുഴയില്‍

ആലപ്പുഴ:ആഗോള എല്‍എന്‍ജി നിര്‍മ്മാതാക്കളും വാതക വിതരണക്കാരുമായ എജി ആന്റ് പി ആലപ്പുഴയില്‍ ഇന്ന് രണ്ട് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) സ്റ്റേഷനുകള്‍ ആരംഭിച്ചു. എജി ആന്റ് പി പ്രഥം എന്ന ബ്രാന്‍ഡ് നാമത്തിലാണ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. അരൂരില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) സെന്റ് അഗസ്റ്റിന്‍ പമ്പ്, എരമല്ലൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എച്ച് പി സി എല്‍) വാവ ഫ്യൂവല്‍സ് എന്നിവയുമായി സഹകരിച്ചാണ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രകൃതി സൗഹൃദവും കൂടുതല്‍ ക്ഷമതയുള്ള ഇന്ധനം പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നിന്നു കൊണ്ട് എജി ആന്റ് പി പ്രഥം സ്റ്റേഷനുകളില്‍ കാറുകള്‍, ഓട്ടോ റിക്ഷകള്‍, ഹെവി-ഡ്യൂട്ടി ഗതാഗത വാഹനങ്ങളായ ബസുകള്‍, ട്രക്കുകള്‍ എന്നിവ അടക്കമുള്ളവയ്ക്ക് സിഎന്‍ജി ലഭ്യമാക്കും.

വാഹന ഉടമകള്‍ക്ക് ആകര്‍ഷകമായ സാമ്പത്തിക വശമാണ് സിഎന്‍ജി മുന്നോട്ടുവയ്ക്കുന്നത്. പെട്രോളും ഡീസലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിഎന്‍ജി കാര്യമായ വിലക്കുറവുള്ള ഇന്ധനമാണ്. കൂടിയ മൈലജും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവും കൂടാതെ മികച്ച ഇന്ധനക്ഷമതയുമുള്ള സിഎന്‍ജി, വാഹന ഉടമകളെ കൂടുതല്‍ പണം ലാഭിക്കാന്‍ സഹായിക്കും.

ലിറ്ററിന് 80-90 രൂപ വില വരുന്ന പെട്രോള്‍ ലിറ്ററിന് 14-17 കിലോമീറ്റര്‍ മൈലേജാണ് നല്‍കുന്നത്. കിലോഗ്രാമിന് 50-60 രൂപ പരിധിയിലാണ് സിഎന്‍ജിയുടെ വില. ഒരു കിലോഗ്രാം സിഎന്‍ജി 20-25 കിലോമീറ്റര്‍ മൈലേജും നല്‍കും. അതായത്, പെട്രോള്‍ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 30-35 ശതമാനം കൂടുതല്‍ മൈലേജ് ലഭിക്കും.

അറ്റകുറ്റപ്പണിയുടെ ചെലവ് കുറയുന്നത് കൂടാതെ ദിവസവും സിഎന്‍ജി ഉപയോഗിക്കുന്നതിലൂടെ വാഹന ഉടമകള്‍ക്ക് യാത്ര ചെയ്യുന്ന കിലോമീറ്ററുകള്‍ക്ക് അനുസരിച്ച് ഓരോ ആഴ്ച്ചയിലും ഏകദേശം 2000- 3000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും.

പെട്രോളില്‍ നിന്നും സിഎന്‍ജിയിലേക്ക് മാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും എസി ഉള്ളതും എസി ഇല്ലാത്തതുമായ ടാക്‌സി, വാടക കാര്‍ ഉടമകളും തങ്ങളുടെ സമ്പാദ്യത്തില്‍ 55 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായതായി സാക്ഷ്യപ്പെടുത്തുന്നു. അത് കൂടാതെ, പാരമ്പര്യ ഇന്ധനങ്ങളേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് സിഎന്‍ജി. ഏറ്റവും സുരക്ഷിതമായ ഇന്ധനമെന്ന റെക്കോര്‍ഡ് ഇതിനുണ്ട്. കാരണം, സിഎന്‍ജി വിഷരഹിതവും വായുവിനേക്കാള്‍ സാന്ദ്രത കുറഞ്ഞതുമാണ്. സാന്ദ്രത കുറവായതിനാല്‍ ഇത് പെട്ടെന്ന് ബാഷ്പീകരിക്കുകയും തീപിടിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

”അടുത്ത ഒരു വര്‍ഷത്തിനിടയില്‍ മേഖലയില്‍ എജി ആന്റ് പി പ്രഥം തുറക്കാന്‍ പദ്ധതിയിടുന്ന 30-ല്‍ അധികം സിഎന്‍ജി സ്റ്റേഷനുകളില്‍ ആദ്യ സ്റ്റേഷനുകള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു,” സ്റ്റേഷനുകള്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് എജി ആന്റ് പിയുടെ കേരളം, കര്‍ണാടക സംസ്ഥാനങ്ങളുടെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസറും ഓപ്പറേഷന്‍സ് ആന്റ് മെയിന്റനന്‍സ് തലവനുമായ മിസ്റ്റര്‍ ചിരദീപ് ദത്ത അറിയിച്ചു.

”കേരളത്തില്‍ ഈ പ്രധാനപ്പെട്ട ഇന്ധന അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഞങ്ങള്‍ക്ക് അമൂല്യമായ പിന്തുണ നല്‍കിയ ഞങ്ങളുടെ പങ്കാളികളായ എച്ച് പി സി എല്‍, ബി പി സി എല്‍, പ്രാദേശിക അധികാരികള്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. പരമ്പരാഗത വാഹന ഇന്ധനങ്ങള്‍ക്ക് ബദലായി ചെലവ് കുറഞ്ഞതും കുറഞ്ഞ പുക വമിക്കുന്നതും മലിനീകരണമില്ലാത്തതുമായ ഇന്ധനം എളുപ്പത്തില്‍ ലഭിക്കുന്നുവെന്ന് ഞങ്ങളുടെ എജി ആന്റ് പി പ്രഥം സിഎന്‍ജി സ്റ്റേഷനുകള്‍ ഉറപ്പുവരുത്തും. മാലിന്യരഹിതമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി സിഎന്‍ജി ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് കൂടുതല്‍ ഉടമകള്‍ മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 31 ജില്ലകളിലെ ഉപയോഗത്തിനായി പ്രകൃതി വാതകവും വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനായി സിഎന്‍ജിയും വിതരണം ചെയ്യുന്നതിന് പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) നല്‍കിയ 12 സിജിഡി ലൈസന്‍സുകള്‍ എജി ആന്റ് പിക്ക് ഉണ്ട്.

വീടുകള്‍ക്കും വ്യാവസായികവും വാണിജ്യവും വ്യാവസായികമല്ലാത്തതും വാണിജ്യമല്ലാത്തതും ഗാര്‍ഹികേതരവുമായ സ്ഥാപനങ്ങള്‍ക്കും പിഎന്‍ജി നല്‍കാനുള്ള അധികാരമാണ് ഈ എക്‌സ്‌ക്ലൂസീവ് അവകാശം പ്രദാനം ചെയ്യുന്നത്. സിജിഡി ശൃംഖല എജി ആന്റ് പി പ്രഥമിന്റെ ബ്രാന്‍ഡ് നാമത്തിന് കീഴില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 1,500 പുതിയ സിഎന്‍ജി സ്റ്റേഷനുകള്‍ വഴി 17,000 ഇഞ്ച്-കിലോമീറ്റര്‍ പൈപ്പ് ലൈനുകളിലൂടെ 278,000 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ വാതകം വിതരണം ചെയ്യും.