കോവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങൾ ക്രോഡീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം പ്രവർത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി.
വാർറൂം മേൽനോട്ട ചുമതലയിലേക്കും സാങ്കേതിക വിഭാഗത്തിലേക്കും നാല് വീതം ജീവനക്കാരെയും ടീമംഗങ്ങളായി എട്ടു ജീവനക്കാരെയും നിയോഗിച്ച് പഞ്ചായത്ത് ഡയറക്ടർ ഉത്തരവായി.
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറേറ്റിലെ മുഴുവൻ പ്രവർത്തനങ്ങളുടെയും ചുമതലയും റിപ്പോർട്ടുകൾ യഥാസമയം ക്രോഡീകരിച്ച് പഞ്ചായത്ത് ഡയറക്ടർക്കും/സർക്കാരിനും ലഭ്യമാക്കാനുള്ള ചുമതല അഡീഷണൽ ഡയറക്ടർ നിർവഹിക്കും. ജില്ലകളിൽ നിന്നുള്ള വിവരശേഖരണവും ക്രോഡീകരണവും ജോയിൻറ് ഡയറക്ടർ (വികസനം)ക്കാണ്.