വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാൽ അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നത് അവസാനത്തെ ആയുധമാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഉചിതം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറച്ചു കൊണ്ടുവരാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൂടുതൽ വളണ്ടിയർമാരെ കണ്ടെത്തുന്നുണ്ട്. വാർഡ് തല സമിതികളുടെ ഇടപെടലും ശക്തിപ്പെടുത്തും. ആദ്യഘട്ടത്തിൽ വളണ്ടിയർമാരും പോലീസും ഒന്നിച്ച് ഇടപെട്ടത് ഫലം ചെയ്തിരുന്നു. ആ രീതി ആവർത്തിക്കും.
ആശുപത്രികളിൽ വൈറസ് ബാധയുള്ള എല്ലാവരെയും പ്രവേശിപ്പിക്കേണ്ടതില്ല. ഉദാഹരണത്തിന് രണ്ടു വാക്സിനേഷനും കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാൽ സാധാരണ നിലയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. അത്തരം ആളുകൾ വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയാകും. അതെല്ലാം കണക്കിലെടുത്ത് ആശുപത്രി പ്രവേശനം സംബന്ധിച്ചു ശാസ്ത്രീയ മാനദണ്ഡമുണ്ടാക്കും. കൂടുതൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ സേവനം ഇനിയും വേണം. അത് ലഭ്യമാക്കാൻ അടിയന്തര നടപടിയെടുക്കും. ആരോഗ്യ പ്രവർത്തകർക്ക് മിനിമം വേതനം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. സി എഫ് എൽ ടി സികൾ എല്ലാ താലൂക്കിലും ഉണ്ട് എന്ന് ഉറപ്പു വരുത്തും. വാക്സിൻ കാര്യത്തിൽ, രണ്ടാം ഡോസ് ഉറപ്പാക്കുന്നതിന് മുൻഗണന നൽകും. നിർമാണ ജോലികൾ ഇന്നത്തെ സ്ഥിതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്താം.
മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടായ പ്രശ്നങ്ങൾ ഇവിടെയും സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ ദ്രുതഗതിയിൽ സ്വീകരിച്ചു വരികയാണ്. അതിന്റെ ഭാഗമായി, ജില്ലാതലത്തിൽ ഓരോ നാലു മണിക്കൂർ കൂടുന്തോറും സർക്കാർ, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകൾ, ഐസിയു ബെഡുകൾ, മറ്റു ബെഡുകൾ എന്നിവയുടെ ലഭ്യതയുടെ ഏറ്റവും പുതിയ വിവരങ്ങൾ നൽകണമെന്നു നിഷ്‌കർഷിച്ചിട്ടുണ്ട്. അതുവഴി സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാൻ സാധിക്കും.
അവശ്യഘട്ടങ്ങളിൽ ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെൽപ്ലൈനിൽ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഓരോ ജില്ലയിലും ഡി.പി.എം.എസ്.യു മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കോൾ സെന്ററുകളുമായും വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ബന്ധപ്പെടാം. ഹോം ക്വാറൻറൈനിൽ കഴിയുന്നവർ നിർബന്ധമായും അതാതിടത്തെ വാർഡ് മെമ്പർമാരുടെയോ, കൗൺസിലർമാരുടേയോ ഫോൺ നമ്പറുകൾ സൂക്ഷിക്കണം. തൊട്ടടുത്തുള്ള ആശാ വർക്കർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ ആരോഗ്യപ്രവർത്തകരുടെ നമ്പറുകളും കയ്യിൽ കരുതണം. ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.
ഹോം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ വീടുകളിൽ അതിനാവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം. രോഗിക്ക് താമസിക്കാൻ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്. എ.സി ഉപയോഗിക്കാൻ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. പരിചരിക്കുന്നവരും മുൻകരുതലുകൾ എടുക്കണം. എൻ.95 മാസ്‌കുകൾ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്പോൾ ധരിക്കണം. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങൾ കൂടുതൽ ഉണ്ടാവുകയാണെങ്കിൽ ഉടനടി ചികിത്സ തേടണം. അതിന് ഇ-സഞ്ചീവനി സംവിധാനത്തിന്റെ മൊബൈൽ ആപ്പ്, അല്ലെങ്കിൽ ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്താം. ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമാണെങ്കിൽ ആശുപത്രിയിലേയ്ക്ക് മാറണം. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർ ഫസിലിറ്റിൽ ആരംഭിച്ചിട്ടുണ്ട്.
സി.എഫ്എൽ.ടി.സികളും സി.എൽ.ടി.സികളും ശാക്തീകരിക്കുകയും ചെയ്തു. രോഗികളാകുന്ന ആർക്കും തന്നെ ഐസൊലേഷനിൽ പോകാനോ, ചികിത്സ ലഭിക്കാനോ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സർക്കാർ ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവ കൂടുതൽ മികച്ചതാക്കാനുള്ള തീവ്രശ്രമം മുന്നോട്ടു കൊണ്ടുപോവുകയാണ്. ഈ സൗകര്യങ്ങൾ ലഭ്യമാകാൻ അതാതു ജില്ലകളിലെ ഹെല്പ്ലൈൻ നമ്പറുകളിൽ വിളിക്കുക. അല്ലെങ്കിൽ 1056 എന്ന സംസ്ഥാനതല ഹെല്പ്ലൈൻ നമ്പറിൽ വിളിച്ചാൽ, അവർ അതാതു ജില്ലകളിലേയ്ക്ക് കണക്റ്റ് ചെയ്തു തരികയും ചെയ്യും. പരമാവധി അതാതു ജില്ലകളിലെ ഹെൽപ്ലൈൻ നമ്പറുകൾ തന്നെ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.