കാസര്‍ഗോഡ് : ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബത്തിന് പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി 14 ദിവസം ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ കോവിഡ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ഗ്രാമപഞ്ചായത്തിന് ജില്ലാ കളക്ടറുടെ പുരസ്‌ക്കാരം നല്‍കാനും തീരുമാനിച്ചു. ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ സാഹചര്യത്തിലാണ് നടപടി.
മാസത്തില്‍ ഒരു തവണ അധ്യാപകരും വിദ്യാര്‍ഥികളും കോവിഡ് പരിശോധന നടത്തണം. ഡി.എം.ഒ (ആരോഗ്യം) തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധനയ്ക്ക് സൗകര്യം ഒരുക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരും കോവിഡ് പരിശോധന ചലഞ്ച് ഏറ്റെടുക്കണം. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിശോധന നടത്തണം. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ പരിധിയില്‍ കടകളിലെ മുഴുവന്‍ ജീവനക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. ഓരോ മാസവും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്നും യോഗം തീരുമാനിച്ചു.