കലാകാരന്മാർക്ക് ആവശ്യമായ സഹായം സർക്കാർ നൽകും – മുഖ്യമന്ത്രി

ബുദ്ധിമുട്ടിലായ കലാകാരൻമാർക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കുമെന്ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി നടത്തിയ ആശയ വിനിമയത്തിൽ മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കലാകാരൻമാരുടെ പ്രയാസം സർക്കാർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കലാകാരൻമാർക്ക് ഇപ്പോൾ ചില സഹായങ്ങൾ സർക്കാർ നൽകിയിട്ടുണ്ടെന്നും കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അവശ കലാകാരൻമാർക്ക് പെൻഷൻ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും കേരളത്തിനൊരു സിനിമ നയം രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള കലാമണ്ഡലത്തിൽ പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് തുടർ പഠനത്തിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിശോധിക്കും. കേരളത്തിലെ വിവിധ അക്കാഡമികൾക്ക് ആവശ്യമുള്ള ഫണ്ട് സർക്കാരിന്റെ പരിമിതിക്കുള്ളിൽ നിന്ന് നൽകുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിന്റെ പൈതൃകങ്ങൾ സംരക്ഷിക്കേണ്ടതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. പൈതൃക കേന്ദ്രങ്ങൾ നശിക്കാൻ പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യകാരൻമാർ സ്‌കൂളുകളിലെത്തി കുട്ടികളുമായി സംവദിക്കുന്ന പരിപാടി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാകാരൻമാർക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിന് തലസ്ഥാനത്തെ ഹാളുകൾ ചെറിയ വാടകയ്ക്ക് വിട്ടു നൽകണമെന്ന നിർദ്ദേശം പരിഗണിക്കുമെന്നും കേരളത്തിലെ നൃത്തവിദ്യാർത്ഥികൾക്ക് ഗവേഷണം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.