സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശിയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂര്‍ എരമംകുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.6), കണ്ണൂര്‍ കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി ലഭിച്ചത്. ഇതുകൂടാതെ തൃശൂര്‍ വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ ചെറുകുന്നുത്തറ (88), കണ്ണൂര്‍ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂര്‍ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീര്‍കര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90), കണ്ണൂര്‍ പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നിവയ്ക്കും അടുത്തിടെ എന്‍.ക്യു.എ.എസ്. ബഹുമതി ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചിരിക്കുന്നത്.