അപര്‍ണ എസ് കുമാര്‍
ഫോണില്‍ അലാറം ഉച്ചത്തില്‍ മുഴങ്ങി. പാതി ഉറക്കത്തില്‍ അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം കേള്‍കാം. പെട്ടെന്ന് ആ ചിന്ത എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തി ‘ ഈശ്വരാ, ഇന്നല്ലേ ഓപ്പയുമൊത്ത് ജയ്പ്പൂര്‍ പോകുന്നെ! ഉറക്കം മതിയാക്കി എണീക്കുവാനുള്ള അമ്മയുടെ വിളിക്ക് കാത്തുനില്‍ക്കാതെ അത്ഭുതവാഹമായ എന്തോ നേടാന്‍ പോകുന്ന സന്തോഷത്തില്‍ ഞാന്‍ കുളി മുറിയിലേക്ക് ഓടി. കുളി കഴിഞ്ഞ് അമ്മയുടെ സ്പെഷ്യല്‍ പുട്ടും കടലയും കഴിച്ച് കാറില്‍ കയറുമ്പോഴും എന്റെ മനസില്‍ ഞാന്‍ കാണാതെ കണ്ട രാജസ്ഥാനിലെ ആ പിങ്ക് സിറ്റി ആയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താളവത്തില്‍ എത്തിയപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഏറെ നാളത്തെ ആ ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്ന്.
ചേച്ചിയോടൊത്തുള്ള ജയ്പ്പൂര്‍ യാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇരുവരും ചേര്‍ന്നുള്ള മുംബൈ യാത്ര പ്രതീക്ഷിച്ചതിലും വിജയകരം ആയിരുന്നതുകൊണ്ടുതന്നെ അടുത്ത യാത്ര അല്‍പ്പം വ്യത്യസ്തമായിരിക്കണമെന്ന് ഞങ്ങള്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. അങ്ങിനെയാണ് നിറങ്ങളുടെ നഗരമായ ജയ്പ്പൂരിന് നറുക്ക് വീണത്. ഭാഷയറിയാത്ത, ഒട്ടും പരിചയമില്ലാത്ത ഒരു സംസ്‌കാരത്തെ അടുത്തറിയാന്‍ അങ്ങിനെ ഞങ്ങള്‍ രണ്ടു പെണ്ണുങ്ങള്‍ ഇങ്ങ് കേരളത്തില്‍ അങ്ങ് രാജസ്ഥാനിലേയ്ക്ക് യാത്രയായി.
ഡയറക്ട് ഫ്ളൈറ്റ് കിട്ടാഞ്ഞതുകൊണ്ട് ഹൈദരാബാദ് വഴിയുള്ള ട്രാന്‍സിറ്റ് ഫ്ളൈറ്റിനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ബോര്‍ഡിങ് കഴിഞ്ഞ് വിമാനത്തില്‍ ആകാശത്തെ തൊട്ടു പറക്കുമ്പോഴും വിശപ്പിനു മുടക്കൊന്നും പറയാന്‍ ഉണ്ടായില്ല. രാവിലെ കഴിഞ്ഞ പുട്ടും കടലയും എവിടെപ്പോയോ. എന്തായാലും, വിമാനത്തില്‍നിന്നും കിട്ടിയ, കേട്ടറിവ് മാത്രമുള്ള ഹൈദരാബാദ് ബിരിയാണി രുചിച്ചുനോക്കാമെന്ന് ഞാനും ചേച്ചിയും കരുതി. പറയാതിരിക്കാന്‍ കഴിയില്ല, അത്ര മോശമായിരുന്നു ഭക്ഷണം. അതിനെ ”ബിരിയാണി” എന്ന് വിളിച്ചാല്‍ നമ്മുടെ നാടന്‍ ബിരിയാണിയോട് ചെയുന്ന ദ്രോഹമായിരിക്കും അത്.
ഏകദേശം ഒന്നരമണിക്കൂറിന് ശേഷം ഞങ്ങള്‍ ഹൈദരാബാദില്‍ വിമാനമിറങ്ങി. കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം ജയ്പ്പൂരിലേക്ക് വീണ്ടും പ്ലെയിന്‍ കയറി. വീണ്ടും രണ്ടു മണിക്കൂര്‍ നീണ്ട മറ്റൊരു വിമാന യാത്ര. ജയ്പ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുമ്പോള്‍ ‘ഭുവന്‍’ എന്ന് പേരുള്ള ഒരു ടാക്സി ഡ്രൈവര്‍ ഞങ്ങളെയുംകാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ജയ്പ്പൂര്‍ സന്ദര്‍ശനം എളുപ്പമാക്കാന്‍ ഇളയച്ഛനാണ് ഈ സാരധിയെ ഞങ്ങള്‍ക്കായി ഏര്‍പ്പാടാക്കിയത്. കാഴ്ചയില്‍ 35 വയസു തോന്നിപ്പിക്കുന്ന ഭൂവന്‍ ഉദയ്പുര്‍ സ്വദേശിയാണ്.
കാറില്‍ കയറി ഹോട്ടലിലേയ്ക്ക് തിരിച്ചെങ്കിലും പാതിവഴിയില്‍ വീണ്ടും വിശപ്പിന്റെ വിളി വന്നു. വിശപ്പിനോട് നോ പറയാന്‍ ഇഷ്ടമില്ലാത്ത ഞങ്ങള്‍ രണ്ടുപേരും ഒപ്പിച്ചെടുത്ത ഭാഷയില്‍ ഭുവനെ കാര്യമറിയിച്ചു. വിശപ്പിന് ഭാഷ പ്രശ്നമല്ലാത്തതുകൊണ്ടാവാം അടുത്ത ഹോട്ടലിന് മുമ്പില്‍ ഭുവന്‍ വണ്ടി നിര്‍ത്തി. ആഹാ! പൊരിഞ്ഞ വെയിലത്തും ജയ്പൂരിനു നല്ല ഭംഗി!. വണ്ടി ഇറങ്ങി നേരെ ഹോട്ടലിലേയ്ക്ക്. ഹോട്ടലിനു ഒരു രാജകീയ പ്രൗഢി തോന്നി. എന്താണ് കഴിക്കേണ്ടതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ജയ്പ്പൂര്‍ യാത്രയുടെ കാര്യം പറഞ്ഞപ്പോള്‍ ഇളയച്ഛന്‍ സജസ്റ്റ് ചെയ്ത ലാല്‍മാസ് എന്ന രാജസ്ഥാനി ഭക്ഷണം തന്നെ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം ടേബിളില്‍ എത്തിയപ്പോഴാണ് മനസ്സിലായത് ഇത് നമ്മുടെ നാട്ടിലെ മട്ടന്‍ കറിയും ചപ്പാത്തിയും തന്നെയാണെന്ന്. എരിവ് ലേശം കൂടിയിരുന്നെങ്കിലും രുചി ഒട്ടും കുറഞ്ഞില്ല. ഹോട്ടലിന്റെ പ്രൗഢി പോലെ ഭക്ഷണത്തിന്റെ ബില്ലിനും പ്രൗഢിയില്‍ വല്യ കുറവില്ലായിരുന്നു. ആദ്യ അനുഭവത്തിലെ പാഠം ഉള്‍ക്കൊണ്ട ഞങ്ങള്‍ക്ക് മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല. കാറില്‍ കയറിയ ഉടന്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഇട്ട് ഭൂവനോട് കാര്യം പറഞ്ഞു ‘ ചേട്ടന്‍ വിചാരിക്കുംപോലെ ഞങ്ങള്‍ ഇത്രയും റിച്ച് നഹീ ഹേ’ എന്ന്. കേരളത്തീന് രണ്ടു പെണ്‍കുട്ടികള്‍ പ്ലെയിന്‍ പിടിച്ച് രാജസ്ഥാനില്‍ ചുറ്റിക്കറങ്ങാന്‍ വന്നപ്പോള്‍ ആശാന്‍ കരുതിക്കാണും ഞങ്ങള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണമേ കഴിക്കൂ എന്ന്.
യാത്രയുടെ അവസാനം ഞങ്ങള്‍ ഹോട്ടലിലെത്തി. ജയ്പൂരിലെ ഏതോ രാജ കുടുംബത്തിലെ യുവ രാജാവിന്റെ വിശ്രമ സ്ഥലം പിന്നീട് ഹോട്ടല്‍ ആക്കി മാറ്റിയതാണത്രെ. ഹോട്ടലിന്റെ പേര് ‘സാരംഗ് പാലസ്’. ജയ്പ്പൂര്‍ യാത്രയിലെ ഞങ്ങളുടെ പ്രധാന വിശ്രമകേന്ദ്രം ഇനി ഇതാണ്.
ആദ്യ ദിവസത്തെ ഞങ്ങളുടെ സന്ദര്‍ശനം ഫോര്‍ട്ടും, ജയ്പൂരിലെ വസ്ത്ര നിര്‍മാണസ്ഥലവുമാണ്. ഫോര്‍ട്ടുകളില്‍ എണ്ണിതീരാത്തത്ര മുറികള്‍. ഈ മുറികളുടെ ചരിത്രം ഗൈഡ് പറഞ്ഞുതന്നത് വളരെ കൗതുകകരമായി എനിക്കുതോന്നി. ഇവിടുത്തെ ഗൈഡ് ഞങ്ങളോട് പറഞ്ഞത് രാജാവിന് മുപ്പത്തഞ്ചിലേറെ ഭാര്യമാര്‍ ഉണ്ടായിരുന്നെന്നാണ്. അവര്‍ക്കെല്ലാം താമസിക്കാനായാണത്രെ ഇത്തരത്തില്‍ വ്യത്യസ്ത മുറികളും, രാജാവിന് വൈകുംനേരങ്ങളില്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പ്രേത്യേക വരാന്തയും നിര്‍മിച്ചിട്ടുണ്ട്. ആ ശില്പിയുടെ കഴിവിനെ ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയി. സാങ്കേതിക വിദ്യകള്‍ ഒന്നും ഇല്ലാത്ത കാലഘട്ടത്തില്‍ ഇത് പണിതെങ്കില്‍ അവരുടെ കഴിവ് പ്രശംസനീയം തന്നെ.
ഫോര്‍ട്ടില്‍ നിന്നും നല്ല രണ്ടു മൂന്ന് ഫോട്ടോസ് എടുത്തതിനു ശേഷം ഞങ്ങള്‍ താഴേക്കിറങ്ങി. അവിടെ കുറച്ച് സ്ത്രീകള്‍ തുണികള്‍ മടക്കുകയും അഴകളില്‍ വിരിച്ചിടുകയും ചെയ്യുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. അവരുടെ കണ്ണുകള്‍ ഞങ്ങള്‍ക്കായി കാത്തിരിക്കുന്നത് പോലെ തോന്നി. അവരുടെ അടുത്ത് കുറെ മരക്കട്ടകളും കുറച്ച് തുണികളും ഉണ്ടായിയിരുന്നു. പല മരക്കട്ടകളിലും പലതരം മോട്ടിഫുകള്‍ അവര്‍ കാണിച്ചുതന്നു. സ്ത്രീകളില്‍ ഒരാള്‍ ഒരു നേരിയ തുണി എടുത്തശേഷം മരക്കട്ടകളില്‍ ഒന്നെടുത്ത് ഒരു നീല കളര്‍ വെള്ളത്തില്‍ മുക്കി തുണിയിലേക്ക് ചേര്‍ത്ത് വച്ചു. പിന്നീട് ഞാന്‍ കണ്ടത് ആ മരക്കട്ടയിലെ ആനയുടെ ചിത്രം അതിമനോഹരമായ് ആ തുണിയില്‍ പതിഞ്ഞിരിക്കുന്നതാണ്. ഇങ്ങനെയാണ് ജയ്പൂരിലെ വസ്ത്ര നിര്‍മാണ രീതി. ഇതിനായി അവര്‍ ഉപയോഗിക്കുന്നത് പഴങ്ങളില്‍ നിന്നും എടുക്കുന്ന നിറങ്ങളാണ്. ഈ കളറുകള്‍ തന്നെയാണ് കെട്ടിടങ്ങള്‍ പെയിന്റ് ചെയ്യാനും ഉപയോഗിക്കുന്നത്.
അവിടുത്തെ ഗ്രാമങ്ങള്‍ക്കും പറയാന്‍ അവരുടേതായ കഥകളുണ്ടായിരുന്നു. തൊട്ടടുത്തായി ഉയരം കുറഞ്ഞ രീതിയില്‍ പണിതിരിക്കുന്ന വീടുകളില്‍ ഒന്നിന്റെ മുന്നില്‍ ഒരു വൃദ്ധന്‍ ഇരുന്നു കുളിക്കുന്നു. ഇത്തരം ഒരു കാഴ്ച ആദ്യമല്ലെങ്കില്‍കൂടി കേരളത്തിന്റെ സൗകര്യങ്ങളും വൃത്തിയും മനസിലേക്കു കടന്നുവന്നു. നേരം അല്‍പ്പം ഇരുട്ടിയതുകൊണ്ടും യാത്രയുടെ ക്ഷീണവും കാരണം ഞങ്ങള്‍ തിരിച്ചു ഹോട്ടലിലേക്ക് മടങ്ങി. നാളെ രാവിലെ ആറുമണിക്ക് ഹോട്ടലിന് പുറത്തു ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഭൂവനെ പറഞ്ഞയച്ചു.
പിറ്റേദിവസം രാവിലെ ഉണര്‍ന്ന് പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി യാത്രയ്ക്കായി തയ്യാറെടുക്കുമ്പോഴേക്കും ഭുവന്റെ ഫോണ്‍കോള്‍ എത്തി. കൃത്യനിഷ്ടക്കാരനായ ഞങ്ങളുടെ സാരഥി പറഞ്ഞ സമയത്തുതന്നെ ഹോട്ടലില്‍ എത്തിക്കഴിഞ്ഞിരുന്നു. പ്ലാന്‍ ചെയ്തിരുന്നതുപോലെതന്നെ സൂര്യോദയം കാണാന്‍ ഞങ്ങള്‍ നഹര്‍ഗര്‍ഹ് ഫോര്‍ട്ടിലേക്കു പോയി. കരിങ്കല്ലു കൊണ്ട് നിര്‍മിച്ച വഴിയിലൂടെ നടന്നു കയറുമ്പോള്‍ കാണുന്ന വ്യൂപോയിന്റ് സൂര്യോദയത്തിനായി കാത്തു നില്‍ക്കുംപോലെ. ഫോര്‍ട്ടിലേക്കു നീളുന്നു വഴിപോലെ അതിമനോഹരമാണ് നമ്മുടെ മുഖത്തേക്ക് ആഴ്നിറങ്ങുന്ന സൂര്യന്റെ പ്രഭാത കിരണങ്ങള്‍.
സൂര്യോദയം ആസ്വദിച്ചശേഷം അവിടെ അടുത്തുതന്നെയുള്ള വാക്സ് മ്യൂസിയം സന്ദര്‍ശിക്കാനായി ഞങ്ങള്‍ കുന്നിറങ്ങി. മെഴുകുകൊണ്ട് നിര്‍മ്മിച്ച ജീവന്‍ തുടിക്കുന്ന വ്യത്യസ്തമായ പ്രതിമകള്‍ വാക്സ് മ്യൂസിയത്തില്‍ ഞങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ മ്യൂസിയത്തിലേയ്ക്ക് കടക്കുന്നതിനു മുന്ന് ചില നിബന്ധനകള്‍ പാലിക്കേണ്ടിവന്നു. അധികൃതര്‍ തരുന്ന പ്ലാസ്റ്റിക്ക് കവര്‍ കാലില്‍ ധരിച്ചതിന് ശേഷം മാത്രമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. സന്ദര്‍ശകരുടെ ഫോണും ക്യാമറയും അധികൃതര്‍ വാങ്ങി വെയ്ക്കും. മ്യൂസിയത്തിനുള്ളില്‍ ഏതെങ്കിലുമൊരു പ്രതിമയ്ക്കൊപ്പം സന്ദര്‍ശകര്‍ക്ക് ഫോട്ടോ എടുക്കണമെങ്കില്‍ മൂസിയത്തില്‍ പണമടച്ച് അവരുടെ ക്യാമറയില്‍ പകര്‍ത്തണം. സുരക്ഷാ പ്രശ്നങ്ങള്‍ പറഞ്ഞാണ് സന്ദര്‍ശകരുടെ മൊബൈലും ക്യാമറയുമൊക്കെ മേടിച്ചുവയ്ക്കുന്നതെങ്കിലും അതിന് പിന്നിലെ ബിസിനസ് വൈകാതെതന്നെ ഞങ്ങള്‍ക്ക് മനസ്സിലായി.
മ്യൂസിയത്തിലെ പ്രതിമകളില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മൈക്കിള്‍ ജാക്ക്സന്റെ മെഴുക് പ്രതിമയാണ്. പിന്നീട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എപിജെ അബ്ദുല്‍ കലാം സര്‍, ജയ്പൂര്‍ കൊട്ടാരത്തിലെ രാഞ്ജി തുടങ്ങി പലരുടെയും പ്രതിമകള്‍ ഞങ്ങള്‍ അവിടെ കണ്ടു.
മ്യൂസിയം സന്ദര്‍ശനത്തിനുശേഷം ഞങ്ങള്‍ പോയത് ഷീഷ് മഹലിലേക്കാണ്. ‘ഹാള്‍ ഓഫ് മിററര്‍സ്’ എന്ന് അറിയപ്പെടുന്ന മഹല്‍ കാണേണ്ടത് തന്നെയാണ്. 360 ഡിഗ്രിയില്‍ എവിടെ നിന്നാലും നമ്മുടെ പ്രതിബിംബം കാണാന്‍ കഴിയുംവിധമാണ് കണ്ണാടികള്‍ നിര്‍മിച്ചിരിക്കുന്നത്. നീണ്ട ഹാളും അതിനടുത്തായ് രാജകുമാരിക്ക് അണിഞ്ഞൊരുങ്ങുവാന്‍ ഉള്ള മുറിയുമുണ്ട്. ഷീഷ് മഹലിനു തൊട്ടുമുന്നിലായ് ഒരു സംഘം ആളുകള്‍ പാവകളി നടത്തുന്നുണ്ടായിരുന്നു. ഹിന്ദിയിലെ ചില ഹിറ്റ് ഗാനങ്ങള്‍ക്കനുസരിച്ചു പാവകളെകൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയാണവര്‍. അതുകഴിഞ്ഞു ഞങ്ങള്‍ വണ്ടി തിരിച്ചത് പുഷ്‌കറിലേക്കാണ്, അജ്മീര്‍ ഹില്‍ വ്യൂ കാണാന്‍.
കാര്‍ വഴിയില്‍ പാര്‍ക്ക് ചെയ്ത് വ്യൂ പോയിന്റിലേയ്ക്ക് നടന്നു. വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ചയില്‍ പച്ചപ്പിനും, കെട്ടിടങ്ങള്‍ക്കും മദ്ധ്യേയുള്ള ഒരു മനോഹര സ്ഥലമായി അജ്മീര്‍ വേറിട്ടുനിന്നു. എന്നാല്‍ വൃത്തിയുടെയും ശുചീകരണത്തിന്റെയും കാര്യത്തില്‍ കേരളം തന്നെ ഒന്നാമതെന്ന് ഞാന്‍ പറയും. ഹില്‍ വ്യൂ കണ്ടതിനുശേഷം ഞങ്ങള്‍ പുഷ്‌കറിലെ ഒരു അമ്പലത്തിലേക്ക് പോയി. അവിടെ വളരെ പ്രത്യേകമായ രീതിയിലുള്ള ചടങ്ങുകള്‍ ഞാന്‍ ശ്രദ്ധിച്ചു.
അടുത്ത ഞങ്ങളുടെ ലക്ഷ്യം ഒട്ടക സവാരിയാണ്. ഒരു രാജസ്ഥാന്‍ യാത്രയുടെ ഏറ്റവും വലിയ ആകര്‍ഷണമായി ഞാന്‍ കരുതിയിരുന്നതും ഒട്ടക സഫാരിതന്നെ. എന്നാല്‍ പ്രതീക്ഷിച്ചപോലെ രസമൊന്നും ആ യാത്രയില്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ഒട്ടകത്തിന്റെ ദുര്‍ഗന്ധവും ചെരിഞ്ഞുള്ള നടത്തവും യാതൊരു സുഖവും യാത്രയ്ക്ക് നല്‍കിയില്ല. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സഫാരിക്ക് ഒടുവില്‍ ഞങ്ങള്‍ തളര്‍ന്നവശരായി. വെയിലിന്റെ കാഠിന്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തിരിച്ചുള്ള യാത്രയില്‍ വിശപ്പിന്റെ വിളി എത്തിയതോടെ വഴിയില്‍ കണ്ട ഒരു ധാബയില്‍ ഭുവന്‍ വണ്ടി നിര്‍ത്തി. നല്ല ചൂടുള്ള സമൂസയും ചായയും വിശപ്പൊന്ന് ശമിപ്പിച്ചു. അതിനു ശേഷം നേരെ പോയത് ജന്തര്‍ മന്ദറിലേക്കാണ്. ജ്യോതിശാസ്ത്ര ഗവേഷണത്തിനായ് നിര്‍മിച്ച കെട്ടിടമാണ് ജന്തര്‍ മന്ദര്‍. പിന്നെ അവിടന്ന് തിരിച്ചത് ബിര്‍ള മന്ദര്‍ എന്ന അമ്പലത്തിലേക്കാണ്. അകലെ നിന്ന് നോക്കിയാല്‍ ഒരു വെണ്ണ കൂടാരം എന്ന് തോന്നും വിധമാണ് അമ്പലത്തിന്റെ നിര്‍മാണം. തിങ്ങിക്കൂടി നിന്ന ആളുകള്‍ കാരണം പ്രാര്‍ത്ഥന ഒന്നും നടന്നിലെങ്കിലും ഞാന്‍ ആ പ്രകൃതി ഭംഗിയും സൂര്യോസ്തമയവും ആസ്വദിച്ച് നിന്നു. ഇറങ്ങാന്‍ നേരമാണ് ശ്രദ്ധിച്ചത്, ബിര്‍ള മന്ദറിന് അപ്പുറത്ത് മറ്റൊരു കുന്നിന്‍മുകളിലായി വേറൊരു അമ്പലം. ആ അമ്പലവും ഒന്നു കണ്ടാല്‍കൊള്ളാമെന്നുണ്ടെന്ന് ഗൈഡിനോട് പറഞ്ഞെങ്കിലും അയാള്‍ നിരുത്സാഹപ്പെടുത്തി. അവിടേയ്ക്ക് ആര്‍ക്കും തന്നെ പ്രേവേശനമില്ല എന്നാണ് ഗൈഡ് പറഞ്ഞത്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏതോ ഒരു പൂജക്ക് രാജ കുടുംബത്തിലെ അംഗങ്ങള്‍ക്കു മാത്രമേ അങ്ങോട്ട് പ്രവേശനമുള്ളു. ജയ്പൂരില്‍ ഇപ്പോഴും രാജ ഭരണം ആണോ എന്ന് ഞാന്‍ ചിന്തിച്ചുപോയി. ജയ്പൂരിലെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടാണോ എന്ന് അറിയില്ല അവിടം വേഗം ഇരുട്ടി തുടങ്ങി. അതോടെ അന്നത്തെ യാത്ര അവസാനിപ്പിച്ച് ഞങ്ങള്‍ റൂമിലേയ്ക്ക് തിരിച്ചു.
ജയ്പ്പൂര്‍ സന്ദര്‍ശനം അതിന്റെ അവസാന ദിനത്തിലേയ്ക്ക് അടുക്കുകയാണ്. നാളെ ഞങ്ങള്‍ നിറങ്ങളുടെ ഈ നഗരത്തോട് വിടപറയും. തിരികെ മടങ്ങുന്നതിന് മുമ്പ് രാവിലെ കിട്ടുന്ന കുറച്ചു സമയത്തിനുള്ളില്‍ പരമാവധി കാഴ്ചകള്‍ ആസ്വദിക്കാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഭക്ഷണം കഴിച്ച് 9 മണിക്ക് ഞങ്ങള്‍ കിടന്നു. രാവിലെ അഞ്ചു മണിക്ക് അലാറം അടിച്ചു. വേഗം കുളിച്ച് വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്ത ഞങ്ങള്‍ സാരംഗ് പാലസ് റൂം നമ്പര്‍ 406 നോട് ബൈ പറഞ്ഞ് ഇറങ്ങി.
രാവിലത്തെ സന്ദര്‍ശനങ്ങള്‍ ഒരു ഓട്ട പാച്ചിലായിരുന്നു. ഹവാ മഹല്‍, ആല്‍ബര്‍ട്ട് ഹാള്‍ മ്യൂസിയം, ജെല്‍ മഹല്‍ തുടങ്ങിയവ കാണാന്‍ ഞങ്ങള്‍ ഇറങ്ങി. ജെല്‍ മഹലിന്റെ ഉള്ളിലേക്കു പ്രവേശനം ഉണ്ടായിരുന്നില്ല. പാതി വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന ജെല്‍ മഹല്‍ പണ്ട് റാണിക്ക് ചൂടു കാലങ്ങളില്‍ വന്നു താമസിക്കാനായി രാജാവ് നിര്‍മിച്ചതാണത്രെ. ആ കൊട്ടാരത്തിന് ഉള്ളിലേയ്ക്ക് എങ്ങിനെ കയറും എന്നതിനെ പറ്റി എനിക്കോ, ഡ്രൈവറിനോ, ഗൈഡിനോ യാതൊരു അറിവും ഉണ്ടായില്ല. വഞ്ചിയിലാകും ആളുകള്‍ കൊട്ടാരത്തിനുള്ളിലേയ്ക്ക് പോയിരുന്നതെന്ന് ഞങ്ങള്‍ ഊഹിച്ചു. ജെല്‍ മഹലിന്റെ മുന്നിലായി ധാരാളം ടുറിസ്റ്റുകള്‍ ഫോട്ടോ എടുക്കുണ്ടായിരുന്നു. തേന്മാവിന്‍ കൊമ്പത്തിലെ ശോഭനയെ പോലെ ഒരു രാജസ്ഥാന്‍ ചോളിയിട്ട് ഞാനും രണ്ടു മൂന്ന് ഫോട്ടോ എടുത്തു. പിന്നെ സിറ്റി പാലസ്, ആംബര്‍ ഫോര്‍ട്ട്, പിങ്ക് സിറ്റി എല്ലാം റിക്ഷവാലയുടെ കൂടെ കറങ്ങി കണ്ടു. പിന്നീട് ബാപ്പു ബസാറില്‍ പോയി രണ്ടു മണിക്കൂര്‍ നീണ്ട ഷോപ്പിംഗ് നടത്തി. നല്ല ചുങ്കിടി ഷാളും, വളകളും, മിഠായികളും വാങ്ങി. ഷോപ്പിങ് അവസാനിപ്പിച്ച് ഞങ്ങള്‍ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചു.
വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഭൂവനോട് പിന്നീട് കാണാം എന്ന അലങ്കാര വാക്കൊന്നും പറയാന്‍ നിന്നില്ല. പകരം കൂടെ നിന്നൊരു ഫോട്ടോ എടുത്തു. ചിത്രമെടുത്ത് തിരിഞ്ഞപ്പോള്‍ ഒരു യമണ്ടന്‍ നായ എന്റെ അടുത്ത് വന്നു ഒരു വല്ലാത്ത നോട്ടം നോക്കി നിന്നു. കൂടെ ആറടി പൊക്കത്തില്‍ നാലഞ്ച് പോലീസുകാരും.. ഞാന്‍ ഒരു നിമിഷം ഭയന്നുപോയി. ഇനി കടയില്‍ നിന്നും വാങ്ങിയ മിഠായികളില്‍ ബോംബ് വലതും ഉണ്ടോ എന്നുവരെ ചിന്തിച്ചുപോയി. ചുമ്മാ ഒരു സെക്യൂരിറ്റി ചെക്കിങ് ആന്നെന്ന് ഒരു ഡല്‍ഹിക്കാരി പറഞ്ഞപ്പോഴാണ് ശ്വാസം നേരെ ആയത്. ഏകദേശം ഒരു മണിക്കൂറിന് ശേഷം ക്ലിയറിങ് പൂര്‍ത്തിയാക്കി ഞങ്ങള്‍ വിമാനത്തില്‍ കയറി. ആകാശത്തേയ്ക്കുയര്‍ന്ന വിമാനത്തിന്റെ ജനാലയിലൂടെ പിങ്ക് സിറ്റിയോട് ഞങ്ങള്‍ യാത്ര പറഞ്ഞു. പതിയെ ആ നഗരം ഒരു കല്ലോളം വലുപ്പമുള്ള ചിത്രമായി മേഘങ്ങള്‍ക്കിടയിലേക്കു മറഞ്ഞു. രണ്ടര മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ വെളുത്ത പഞ്ഞി കൂട്ടങ്ങള്‍ക്കിടയില്‍നിന്നും പച്ചപ്പ് കണ്ടു തുടങ്ങി. അപ്പോള്‍ ആരോ പറയുന്നതുകേട്ടു, ഹാ! കേരളമെത്തി എന്ന്!. ഞങ്ങളുടെ രാജസ്ഥാന്‍ യാത്ര ഇവിടെ അവസാനിക്കുകയാണ്. വിമാനമിറങ്ങി അച്ഛനെ കാത്തു നില്‍ക്കുമ്പോഴും എന്റെ മനസ്സ് മഴുവന്‍ അടുത്ത യാത്രയെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. ഇതുവരെ കാണാത്ത മറ്റൊരു നാട്ടിലേയ്ക്ക് വീണ്ടുമൊരു യാത്ര പോകണം. ഇനി അതിനായുള്ള കാത്തിരിപ്പുകള്‍.