ഐ ടി സംരംഭങ്ങളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതോടൊപ്പം ജീവനക്കാരുടെ തൊഴില്‍ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. ഇതനുസരിച്ച് ചില നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്.

ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറ വിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നു മാസത്തേക്ക് വാടക ഇളവ് നല്‍കും. 2020-21 വര്‍ഷത്തില്‍ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തെരഞ്ഞെടുക്കാം.
വാടകയിലെ വാര്‍ഷിക വര്‍ധന ഒഴിവാക്കുന്നത് പരിഗണിക്കും.

പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പിനികൾക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച ചെയ്യും. അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളില്‍ കേരളത്തിലെ ഐടി കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള നിര്‍ദേശത്തിന്മേല്‍ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും.

സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഈ വിധത്തില്‍ പിന്തുണ ലഭ്യമാക്കുമ്പോള്‍ ഐടി കമ്പനികള്‍ സഹകരിക്കേണ്ട ചില പ്രശ്നങ്ങളുണ്ട്. അത് പ്രധാനമായും തൊഴിലാളികളുടെ ജോലി സുരക്ഷ സംബന്ധിച്ചാണ്. പരമാവധി പേരെ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാന്‍ അനുവദിക്കണം.

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ജീവനക്കാരുണ്ട്. നെറ്റ് കണക്ഷന്‍ തകരാറിലായാലും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാതായാലും വൈദ്യുതി നിലച്ചാലും സ്വയം പരിഹരിക്കേണ്ട സ്ഥിതിയുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായി ഐടി കമ്പനികളുമായി ചേര്‍ന്ന് ‘വര്‍ക്ക് നിയര്‍ ഹോം’ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്.

പിണറായി വിജയൻ
മുഖ്യമന്ത്രി

#news_initiative_with_google

https://newsinitiative.withgoogle.com/journalism-emergencyrelief-fund