പൊതുഗതാഗതം തല്ക്കാലം പുനഃസ്ഥാപിക്കില്ല – ചീഫ് സെക്രട്ടറി ടോം ജോസ്

21 ദിവസങ്ങൾക്കുള്ളിൽ ഒരു കേസും റിപ്പോർട്ട്‌ ചെയ്തില്ലെങ്കിൽ അത് ഗ്രീൻ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡമെന്നും കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ച് സോണുകൾ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

മെയ് നാലിനുശേഷമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര നിർദ്ദേശപ്രകാരമായിരിക്കുമെന്നും പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് മാത്രമായി ഇളവുകളിൽ തീരുമാനം എടുക്കാനാകില്ല. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നിയന്ത്രണം കൂട്ടാം, എന്നാൽ കുറയ്ക്കാൻ സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കേന്ദ്രം പുറത്തിറക്കിയ പട്ടികയിൽ കണ്ണൂരും കോട്ടയവും ഉൾപ്പടെ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കോട്ടയവും കണ്ണൂരും മാത്രമാണ് റെഡ്സോണിലുള്ളത്. എറണാകുളവും വയനാടും ഗ്രീൻ സോണിലും കേരളത്തിലെ ബാക്കി ജില്ലകൾ ഓറഞ്ച് സോണിലുമാണുള്ളത്. എന്നാൽ കേരളത്തിന്റെ പട്ടിക പ്രകാരം നാല് റെഡ്സോണും ബാക്കി പത്ത് ഓറഞ്ച് സോണുമാനുള്ളത്.