സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായതായും മന്ത്രി അറിയിച്ചു. 401 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡില്‍ നിന്നും മുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര് വീടുകളിലും 388 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതായും ശൈലജ ടീച്ചർ അറിയിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.