ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പരീക്ഷകൾ റദ്ദാക്കുമെന്നുള്ള വാർത്തകൾ വ്യാജമാണെന്നും മാറ്റിവെച്ച പരീക്ഷകളെല്ലാം പുതിയ തീയതികളിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വിദ്യാർഥികൾക്കും പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സമയം നൽകിക്കൊണ്ടാകും തീയതികൾ പ്രഖ്യാപിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷകളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ യു.പി.എസ്.സി, എസ്.എസ്.സി ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഉദ്യോഗാർഥികൾക്കറിയാം. കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ, കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ, ജൂനിയർ എൻജിനീയർ, സ്റ്റെനോഗ്രാഫർ തുടങ്ങിയ വിവിധ പരീക്ഷകളാണ് ലോക്ക്ഡൗണിനെത്തുടർന്ന് എസ്.എസ്.സി മാറ്റിവെച്ചത്. പരീക്ഷകളെല്ലാം ലോക്ക്ഡൗണിന് ശേഷമാകും നടത്തുകയെന്ന് യു.പി.എസ്.സിയും എസ്.എസ്.സിയും നേരത്തെ അറിയിച്ചിരുന്നു.