സർക്കാരിന്റെ സാലറി ചലഞ്ചിന്റെ ഭാഗമായി ഗ്രോസ് സാലറി ആണ് ഉദ്യോഗസ്ഥരിൽ നിന്ന് പിടിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നികുതി കുറയ്ക്കാത്ത ബത്തകൾ ഉൾപ്പെടെയുള്ള ശമ്പളമാണ് ഈടാക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ശമ്പളം പിടിച്ചെടുക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു. സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യവകുപ്പിനെ ഒഴിവാക്കില്ലെന്നും, ആരോഗ്യവകുപ്പിനെ ഒഴിവാക്കിയാൽ പോലീസ്, തദ്ദേശം, സിവിൽ സപ്ലൈസ്, റവന്യു തുടങ്ങി പല വിഭാഗങ്ങളെയും പരിഗണിക്കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.
20,000 രൂപയിൽ താഴെ ശമ്പളമുള്ള പാർട്ട് ടൈം ജോലിക്കാർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണ്. ഉദ്യോഗസ്ഥരുടെ സംഭാവന എന്ന നിലയിലുള്ള സാലറി ചലഞ്ചിന് പകരം സർക്കാർതന്നെ തുക ഈടാക്കുന്ന സാലറി കട്ട് ആണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം ആറ് ദിവസത്തെ ശമ്പളം വീതം 5 മാസം ഈടാക്കിയാൽ ഒരു മാസത്തെ ശമ്പളത്തിന് തുല്യ തുകയാകും.
അധ്യാപകർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാരിൽനിന്ന് ശമ്പളം പറ്റുന്ന എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണെന്നും ധനമന്ത്രി അറിയിച്ചു. മെയ് മുതൽ സെപ്റ്റംബർ വരെയുള്ള അഞ്ച് മാസത്തെ ശമ്പളത്തിൽ നിന്നാണ് തുക ഈടാക്കുകയെന്നും, സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ തുക തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.