Sukesh Das, sukesh@janapriyam.com, linkedin.com/in/sukeshdas
ബിസിനസ്സുകൾ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ അതിനെ നേരിടാൻ ബിസിനസ്സ് ഉടമകൾ പ്രായോഗികമായി എന്ത് ചെയ്യണമെന്ന് സി.ബാലഗോപാൽ ജനപ്രിയം ന്യൂസുമായി പങ്കുവയ്ക്കുന്നു.ഐ.എ.എസ് ജോലി രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങി, ഇന്ത്യയിലെ ആദ്യ ബ്ലഡ്ബാഗ് നിര്‍മ്മാണ കമ്പനിയായ തെരുമോ പെൻപോൾ എന്ന കമ്പനി തുടങ്ങി വൻ വിജയം കൈവരിച്ച സംരംഭകനാണ് സി. ബാലഗോപാൽ.
കോവിഡ് 19 ബിസിനസ്സുകൾക്ക് ഉണ്ടാക്കിയേക്കാവുന്ന ആഘാതം കുറയ്ക്കാൻ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ഒരുപാട് ഉപദേശങ്ങൾ കാണുന്നുണ്ട്. ഇത്തരത്തിൽ നിരവധി ഉപദേശങ്ങൾ കാണുന്ന ബിസിനസ്സ് ഉടമകൾ ചിലപ്പോൾ എന്ത് ചെയ്യണമെന്ന ആശയകുഴപ്പത്തിലാകുന്നുണ്ടാകും. അത്തരം ബിസിനസ്സുകാരോട് എന്താണ് പറയാനുള്ളത് ?
ബിസിനസ്സിൽ എന്തിന് മുൻഗണന നൽകണമെന്ന് ആദ്യം നിശ്ചയിക്കുക . അടുത്ത മൂന്ന് മുതൽ ആറ് മാസം വരെ എങ്ങനെ ബിസിനസ്സ് നിലനിർത്തിക്കൊണ്ട് പോകാം എന്നതിനാണ് ഒരു എം.എസ്.എം.ഇ. ബിസിനസ്സ് ആദ്യം മുൻഗണ കൊടുക്കേണ്ടത്. ബിസിനസ്സുകൾ മൊത്തത്തിൽ നിശ്ചലമാകുന്ന ലോക്ക്ഡൌൺ പോലുള്ള സാഹചര്യത്തിൽ മറ്റെന്തിനേക്കാളും പ്രാധാന്യം ബിസിനസ്സ് നിലനിർത്തിക്കൊണ്ടു പോകുന്നതിലേക്ക് മാത്രമാകണം.
ബിസിനസ്സ് നിലനിർത്തി കൊണ്ടുപോകുന്നതിന് പ്രായോഗികമായി ബിസിനസ്സുകൾ എന്താണ് ചെയ്യേണ്ടത്?
1.ബിസിനസ്സ് ഉടമകൾ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തെ അവഗണിക്കരുത്. കോവിഡ് 19 എന്ന മഹാമാരി ഒരു യാഥാർഥ്യമാണ്. ഒരുപക്ഷെ കാര്യങ്ങൾ കൂടുതൽമോശം സ്ഥിതിയിലേക്ക് പോകാം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഇതിനു മുൻപുണ്ടായിട്ടുള്ള മഹാമാരികൾ ഉണ്ടാക്കിയ സാഹചര്യങ്ങളുമായി നിലവിലെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്താൻ പോലുമാകില്ല. ഉയർന്ന നിലവാരമുള്ള ആരോഗ്യ സംവിധാനങ്ങളുള്ള വികസിത രാജ്യങ്ങളിൽ പോലും സംഭവിക്കുന്ന കാര്യങ്ങൾ അത്ര നല്ല സൂചനകൾ അല്ല നൽകുന്നത്. സാഹചര്യങ്ങൾ ഉടനെ മെച്ചപ്പെടും എന്ന ശുഭാപ്‌തി വിശ്വാസത്തിൽ ഇരിക്കുന്നത് ഈ ഘട്ടത്തിൽ ഒരിക്കലും അനുയോജ്യമല്ല.
2.സ്വയം പ്രഖ്യാപിത പണ്ഡിതന്മാരെ വിശ്വസിക്കരുത്. ഗവൺമെന്റും, ജില്ല ഭരണകൂടവും,പോലീസും, ഗവൺമെന്റിന്റെ ആരോഗ്യ പ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും അവഗണിക്കരുത്. ഗവൺമെന്റുകളെ കുറ്റപ്പെടുത്തുന്ന സ്വയം പ്രഖ്യാപിത വിദഗ്ദ്ധന്മാരെ വിശ്വസിക്കരുത്. അവർ ഡോക്ടർമാർ ആണെങ്കിൽ പോലും. കാരണം ഇത്തരക്കാർക്ക് പൊതുജനാരോഗ്യ സംവിധാനങ്ങളെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. ആശുപത്രിയിൽ ഒരു രോഗിയെ ചികിത്സിക്കുന്നതും കോടിക്കണക്കിനു ആളുകളുള്ള ഒരു സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനം നിയന്ത്രിക്കുന്നതിനും വ്യത്യസ്തങ്ങളായ അറിവുകളും, കഴിവുകളും വേണം.
3. വ്യക്തമായ ഗവണ്മെൻറ് നിർദേശം ഇല്ലാതെ പി.എഫ് , ഇ.എസ്ഐ., അടയ്ക്കുന്നത് നിർത്തരുത്. ഇവ അടയ്ക്കാതിരുന്നാൽ പിന്നീട് പിഴ നൽകേണ്ടി വരും.ഗവണ്മെന്റ് നിർദേശം ഇല്ലെങ്കിൽ ലോക്ക്ഡൌൺ ആയിരുന്നു എന്നത് പിഴ അടയ്ക്കുന്നതിൽ നിന്ന് ബിസിനസ്സുകളെ ഒഴിവാക്കുന്നതിന് ഒരു കാരണമായി എടുക്കില്ല.
4. ജീവനക്കാർക്ക് ശമ്പളം നല്കാതിരിക്കരുത്. മരുന്ന് വാങ്ങുന്നതിനും, ഇ.എം.ഐ അടയ്ക്കുന്നതിനും അങ്ങനെയുള്ള മറ്റ് അത്യാവശ്യ കാര്യങ്ങൾ നടത്തുന്നതിനും ശമ്പളം കിട്ടണം. മുഴുവൻ ശമ്പളം കൊടുക്കാൻ സാധിക്കില്ലെങ്കിൽ അത് ജീവനക്കാരുമായി തുറന്ന് സംസാരിച്ചു ശമ്പളത്തിന്റെ ഒരു ഭാഗമെങ്കിലും നൽകണം. ബിസിനസ്സുകൾ നേരിടുന്ന കടുത്ത പ്രതിസന്ധികളെ കുറിച്ച് ജീവനക്കാരും ബോധവാന്മാരാണ്. കേരളത്തിലെ ഒരു വലിയ എം.എസ്.എം.ഇ.യിൽ ജീവനക്കാർ സ്വയം മുന്നോട്ട് വന്ന് മാനേജ്‌മന്റ് ആവശ്യപ്പെട്ടതിനെക്കാളും കൂടുതൽ ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറായി. കാരണം അവർ ജോലി ചെയ്യുന്ന സ്ഥാപനം നിലനിൽക്കുക എന്നത് അവരുടെയും ആവശ്യമാണ്.
5.ആർ. ബി.ഐ പ്രഖ്യാപിച്ച മോറട്ടോറിയം ബിസിനസ്സിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് നിങ്ങളുടെ ബാങ്കുമായി ഉടൻ സംസാരിക്കുക. മോറട്ടോറിയം ലഭിക്കുമെങ്കിൽ ഉടനെ അതിനു വേണ്ട കാര്യങ്ങൾ ചെയ്യുക. അടുത്ത മൂന്ന് മാസത്തേക്ക് കുറച്ചു ആശ്വാസം ലഭിക്കാൻ ഇത് സഹായിക്കും.
6. ക്യാഷ് ഫ്ലോ പ്ലാനും, ഫോർകാസ്റ്റും തയാറാക്കുക, കിട്ടാനുള്ള പണം പിരിച്ചെടുക്കുക. പണം തരാനുള്ള കസ്റ്റമേഴ്സിനെ വിളിച്ചു എപ്പോൾ തരാൻ സാധിക്കും എന്ന് അന്വേഷിക്കുക. ഈ ജോലി ഫിനാൻസ് മാനേജരെ ഏൽപിക്കുന്നതിനു പകരം പറ്റുമെങ്കിൽ ബിസിനസ്സ് ഉടമ സ്വയം ചെയ്യുന്നതായിരിക്കും നല്ലത്. ഒരുപാട് കസ്‌റ്റമേഴ്‌സ് ഉണ്ടെങ്കിൽ അവരെ A, B, C എന്ന് തരം തിരിക്കുക.ഏറ്റവും പ്രധാനപ്പെട്ട വിഭാഗത്തിൽ പെടുന്ന കസ്‌റ്റമേഴ്‌സുമായി ബിസിനസ് ഉടമ തന്നെ സംസാരിക്കുക. ഭാവിയിൽ സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ ബിസിനസ്സ് സ്ഥാപനം അവിടെ തന്നെ ഉണ്ടായിരിക്കണം എന്നതാണ് ഇപ്പോൾ പ്രധാനം.
7. കൊടുക്കാനുള്ള പണവും നിയന്ത്രിക്കുക. ബിസിനസ്സുകൾ മറ്റുള്ളവർക്കു കൊടുക്കാനുള്ള പണത്തിന്റെ കണക്ക് കൃത്യമായി എടുക്കുക. പണം കൊടുക്കാനുള്ള എല്ലാവരേയും വിളിച്ചു പണം നൽകാൻ കൂടുതൽ സമയം ചോദിക്കുക. നിങ്ങൾ പണം കൊടുക്കാനുള്ളവരും ഒരു പക്ഷെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരിക്കാം. എന്നിരുന്നാലും അവരുടെ കസ്റ്റമേഴ്‌സുമായിട്ടുള്ള ബിസിനസ്സ് തുടർന്ന് പോകാൻ തന്നെയായിരിക്കും അവർക്കും താത്പര്യം. അതുകൊണ്ട് അവർ നിങ്ങൾക്ക് സമയം നീട്ടി തരും.
8. എളുപ്പം ലഭിയ്ക്കുന്ന വരുമാനത്തിൽ ശ്രദ്ധിക്കുക. ബിസിനസ്സ് ഓർഡറുകൾ എടുക്കുമ്പോൾ ഒരു സെയിൽ നടക്കുമല്ലോ എന്ന രീതിയിൽ അല്ല എടുക്കേണ്ടത്. റെവന്യൂവിനാകണം പ്രാധാന്യം നൽകേണ്ടത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഓർഡർ Aയും Bയും ലഭിച്ചെന്ന് വിചാരിക്കുക. ഓർഡർ A ഓർഡർ Bയെക്കാൾ രണ്ടിരട്ടി വലുതാണ്. ഓർഡർ A എടുത്താൽ പണം അപ്പോൾ തന്നെ കിട്ടും. ഓർഡർ B എടുത്താൽ നാൽപ്പതു ദിവസത്തിനുളില്ലേ പണം കിട്ടുകയുള്ളു. നിങ്ങൾ ഓർഡർ A യാണ് എടുക്കേണ്ടത്. ബിസിനസ്സുകൾ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ പണം തന്നെയാണ് രാജാവ് എന്നത് ഓർക്കുക.
9. നിങ്ങളുടെ ബിസിനസ്സിലെ എതിരാളികളോട് (Competitors ) സംസാരിക്കുക നിങ്ങളുടെ ബിസിനസ്സിലെ എതിരാളികൾക്ക് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കുക. ആവശ്യമുണ്ടെങ്കിൽ സഹായം ചെയ്തു കൊടുക്കുക. അവരോട് സംസാരിക്കുമ്പോൾ നിങ്ങൾ അറിയാത്ത പല കാര്യങ്ങളും പഠിക്കാൻ സാധിച്ചേക്കും. ഇത്തരം സമയങ്ങളിൽ ബിസിനസുകാർ തമ്മിലുള്ള ഒരുമ തീർച്ചയായും ഗുണം ചെയ്യും.
ഏതെല്ലാം ബിസിനസ്സുകളാണ് അഥവാ ഏതു മേഖലയിലുള്ള ബിസിനസ്സുകളാണ് പെട്ടെന്ന് തിരിച്ചുവരവ് നടത്തുക?
തിരിച്ചു വരവ് നടത്താൻ എടുക്കുന്ന സമയം ഒരു ബിസിനസ്സ് പ്രവർത്തിക്കുന്ന മേഖലയെ ആശ്രയിച്ചായിരിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതു ബിസിനസ്സുകളാണോ പണം കണ്ടെത്തുന്നത്, ആരാണോ ജീവനക്കാരെ വേണ്ട പോലെ സഹായിക്കുന്നത്, അവരായിരിക്കും വേഗത്തിൽ തിരിച്ചു വരവ് നടത്തുക. നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രധാന സ്ഥാനങ്ങളിലുള്ള ജീവനക്കാരെ നിങ്ങൾ പറഞ്ഞു വിട്ടെന്ന് വിചാരിക്കുക. സാഹചര്യങ്ങൾ മെച്ചപ്പെട്ട് വീണ്ടും ബിസിനസ്സ് ഓർഡറുകൾ ലഭിച്ചു തുടങ്ങുമ്പോൾ ആ ഓർഡറുകൾ വേണ്ട വിധത്തിൽ കൈക്കാര്യം ചെയ്യാൻ സാധിക്കില്ല. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പണം ഇല്ലാത്തതു കാരണം നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾ പൂട്ടി പോകും എന്നത് വിഷമകരമായ ഒരു യാഥാർഥ്യമാണ്.
കോവിഡ് 19 കാരണം ബിസിനസ്സുകൾ നേരിടുന്ന കടുത്ത പ്രതിസന്ധി എങ്ങനെ നേരിടാം എന്നതിനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ news@janapriyam.com എന്ന ഈമെയിലിൽ ജനപ്രിയത്തിലേക്കു അയക്കുക. അതാത് മേഖലകളിലുള്ള വിദഗ്ദ്ധരുടെ നിർദേശങ്ങൾ ജനപ്രിയത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും.