രാജ്യത്ത് മെയ്‌ 3 വരെ ലോക്ക് ഡൗൺ നീട്ടി ; ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ തുടരും

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നു വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 19 ദിവസം കൂടി സമ്പൂർണ്ണ അടച്ചിടൽ തുടരും. കൊറോണയ്ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരും. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 ന് ശേഷം ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. ഇളവുകൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ നാളെ നൽകുമെന്നും സ്ഥിതി മോശമായാൽ കർശന നിയന്ത്രണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

550 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ പുലർത്തിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾ ഏറെ ത്യാഗം സഹിച്ചുകൊണ്ട് കൊറോണയ്ക്കെതിരെ അച്ചടക്കമുള്ളവരായി പൊരുതി എന്നും ഒരു പരിധി വരെ വൈറസ് വ്യാപനത്തെ തടയാനായെന്നും ഈ പോരാട്ടം ഇനിയും തുടരണമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊറോണ പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ എന്നും ഇതുവരെ നടത്തിയ പോരാട്ടം വിജയിച്ചെന്നും ജാഗ്രതയോടെ തന്നെ ഇനിയും മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ നൽകിയ എല്ലാവർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

മാർച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.