അങ്കം തുടങ്ങി

കൊവിഡ് പ്രമാണിച്ച് രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും കെ. എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച്  കെ.എം ഷാജി എംഎൽഎ. ഏപ്രിൽ 14 ന്  ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ പേരിൽ മുഖ്യമന്ത്രി  പത്രസമ്മേളനത്തിൽ നടത്തിയ  വിമർശനങ്ങളെത്തുടർന്ന്  പ്രതികരണവുമായി  കെ.എം ഷാജി ഇന്ന് രംഗത്തെത്തിയിരുന്നു.

ഏപ്രിൽ 14 ന്  കെ. എം ഷാജി മുഖ്യമന്ത്രിയെ വിമർശിച്ച് ഇട്ട ഫെയ്‌സ്  ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 👇

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്.

പ്രത്യേകിച്ച്‌ അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌ ; CBI ക്കു കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണെന്ന്
എല്ലാവർക്കും അറിയാവുന്നതാണല്ലോ!!

നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ  വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു  പറ്റി!

അതുകൊണ്ട്‌ സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക്‌ തരണം!!
മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ “എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര” എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!!

കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചതിനു ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി👇

ഇതൊരു പൊതു പ്രവർത്തകനിൽ നിന്ന്  പ്രതീക്ഷിക്കാൻ കഴിയുന്ന കാര്യം ആണോ എന്നും നമ്മുടെ സംസ്ഥാനത്ത് എംഎൽഎ ആയിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം ഒരു വാചകം വരും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എംഎൽഎയായ കെ എം ഷാജി എന്ന വ്യക്തി ഇത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടും എന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. എം ഷാജിയുടെ പാർട്ടി എല്ലാതരത്തിലും ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളിൽ പൂർണ്ണമായും സഹകരിച്ച് നിൽക്കുകയാണ്,  ഇത്തരമൊരു ഘട്ടത്തിൽ ശുദ്ധമായ ഒരു നുണ പറഞ്ഞ് പാവപ്പെട്ട ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണോ വക്കീൽ ഫീസ് കൊടുക്കുന്നത് എന്നും ഇത്തരമൊരു നിലപാട് എന്തുകൊണ്ട് കെഎം ഷാജി എടുത്തു എന്ന് അദ്ദേഹത്തിന്റെ പാർട്ടി തന്നെ തീരുമാനിക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില വികൃത മനസ്സുകൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും. അതാണ് പൊതു സമൂഹം ഇന്ന് കാണുന്നത്. നാടിനെ തെറ്റിദ്ധരിക്കരുത്, നാടാകെ ഈ പ്രതിരോധത്തിൽ ഒന്നിച്ചു നിൽക്കുകയാണ്. ചിലർ ഒറ്റപ്പെട്ട രീതിയിൽ ശബ്ദമുണ്ടാക്കിയാൽ അതാണ് ഏറ്റവും വലിയ ശബ്ദം എന്ന് നമ്മൾ കാണേണ്ടതില്ലെന്നും നമുക്ക് ഒരുമിച്ച് നിന്ന് ഇതിനെ നേരിടാനും അതിജീവിക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വിമർശനത്തിന് കെ. എം ഷാജി എംഎൽഎ നൽകിയ മറുപടി👇

കൊടുത്താൽ മാത്രം മതി ചോദിക്കരുത് എന്ന് പറയാൻ ദുരിതാശ്വാസ നിധിയിലെ പണം നേർച്ചപ്പെട്ടിടിയിൽ ഇടുന്ന പൈസയല്ല. വാങ്ങിവെച്ചാൽ മാത്രം പോരാ കണക്ക് ചോദിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ് കമ്മ്യൂണിസ്റ്റ് ഭരണം അല്ല ഇവിടെ നടക്കുന്നത് എന്നും സർക്കാരിന് കൊടുക്കുന്ന പൈസയെപ്പറ്റി  ചോദിക്കുന്നതാണോ തെറ്റെന്നും  ഷാജി പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു ദുരിതാശ്വാസ നിധിയിലെ പണം ഇങ്ങനെയൊക്കെ ചിലവഴിക്കാമോ എന്ന്. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്ത് ഒരു ഇടതുപക്ഷ നേതാവിനും  സിപിഎൽഎമ്മിന്റെ  എംഎൽഎയ്ക്കും  കൊടുത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. 25 ലക്ഷവും 35 ലക്ഷവുമാണ്  കൊടുത്തത്. അവരുടെ ആശുപത്രി ചിലവിന്റെ പണം കൊടുത്തെങ്കിൽ മനസിലാക്കാം. പക്ഷേ ബാങ്കിലെ കടം വീട്ടാനാണ് പണം കൊടുത്തത്. ഞാൻ അവരുടെ പേര് പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആൾക്കാരെ ആക്ഷേപിക്കാനല്ല ഞാൻ പത്രസമ്മേളനം നടത്തുന്നതെന്നും ഷാജി പറഞ്ഞു.

പൊതുപ്രവർത്തകർക്ക് ചിലപ്പോൾ അവസാനകാലത്ത് ബുദ്ധിമുട്ടിലാകാം. അവരെയൊക്കെ ആരെങ്കിലുമൊക്കെ സഹായിക്കുന്നുണ്ടാകാം. പൊതുജനങ്ങളുടെ കയ്യിലെ പണം എടുത്ത് ഇങ്ങനെ പാർട്ടിക്കാരെ സഹായിക്കാൻ കൊടുക്കുന്നത് മാന്യമായ ഏർപ്പാടല്ല.

ആയിരം കോടിരൂപ  ഗ്രമീണ റോഡുകൾ നിർമിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്താണ് കൊടുത്തത്. പ്രളയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവർക്ക് വേണ്ടിയാണ് ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചത്. ഇതിൽ നിന്ന് പ്രതിപക്ഷത്തെ എം.എൽ.എമാർക്ക് ഏഴ് ശതമാനമോ, എട്ട് ശതമാനമോ ആണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പറന്നുവന്ന ഹെലികോപ്റ്ററിന് എട്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകിയാണ്. പക്ഷേ പിന്നീട് അത് റദ്ദാക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. പക്ഷേ എന്നാലും അങ്ങനെ കൊടുക്കാൻ പാടുണ്ടോ. ഇതാണ് ഞങ്ങളുടെ ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് കോടി രൂപയാണ് ഷുക്കൂറിന്റെയും ഷുഹൈബിന്റെയും കേസ് വാദിക്കാൻ ഒരു മണിക്കൂറിന് 25 ലക്ഷം രൂപ ഫീസുള്ള അഡ്വ. രജിത് കുമാറിന് നൽകിയത്. ഇതിനെ സംബന്ധിച്ച ഔദ്യോഗിക രേഖ തന്റെ കൈയ്യിലുണ്ടെന്നും കെ.എം ഷാജി പറഞ്ഞു. മുഖ്യമന്ത്രി പറയുന്നുണ്ട് അത് ദുരിതാശ്വാസ ഫണ്ടിൽ നിന്നല്ലെന്ന്, ശരി, എങ്കിൽ പിന്നെ എവിടുന്നാണ് മുഖ്യമന്തി നിങ്ങൾ ആ പണം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. നിങ്ങളുടെ വീട്ടിലെ പൈസകൊണ്ടാണോ, അതൊ കെ.എം ഷാജിയുടെ അച്ചിവീട്ടിലെ പണം കൊണ്ടാണോ അലല്ലോ. ഷുക്കൂറിന്റെ ഉമ്മ മകന്റെ മയ്യത്ത് പുതപ്പിക്കാൻ വാങ്ങിയ പുടവയുടെ നികുതിയുണ്ട് ആ പണത്തിൽ. ശരത് ലാലിന്റെയും കൃപേഷിന്റെയും സംസ്കാര ചടങ്ങുകൾ നടത്താൻ വാങ്ങിയ ചന്തനത്തിരിയുടെയും എണ്ണയുടെയും നികുതിപ്പണവുണ്ട്. ആ പണം എടുത്താണോ കൊലയാളികൾക്ക് വേണ്ടി വാതിച്ച വക്കീലിന് കൊടുക്കേണ്ടത്. അത് ചോദിച്ചൂടെ, ഞങ്ങൾക്ക് ചോദിക്കാൻ അവകാശമില്ലേ എന്നും ഷാജി  ചോദിച്ചു.

കൊവിഡ് പ്രമാണിച്ച് രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും ഷാജി പറഞ്ഞു.

പ്രളയം അല്ല, കൊവിഡ് അല്ല അതിന് അപ്പുറത്തെ എന്തുവന്നാലും ഷുക്കൂറിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഒക്കെ മാതാപിതാക്കളുടെ കണ്ണീരോളം വരില്ല അതൊന്നും. അത് ആരും മറക്കുമെന്ന് വിചാരിക്കേണ്ട. ആ കേസിന്റെ അവസാനം വരെ താനുണ്ടാകുമെന്നും പിണറായിയെ കാണുമ്പോൾ മുട്ടുവിറച്ച് മൂത്രമൊഴിക്കുന്ന പാർട്ടിപ്രവർത്തകരല്ല കേരളത്തിലെ ജനങ്ങളെന്നും ഷാജി പറഞ്ഞു.

8000 കോടി രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്നു. 20.7.19 വരെ അത് ചിലവഴിച്ചത് 2000 കോടിയാണ്. 5000 കോടിയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. നിങ്ങളതിന്റെ നോംസ് എടുത്ത് വായിച്ചുനോക്കു. ഇമ്മീഡിയറ്റ് റിലീഫ് എന്നാണ് എഴുതിയിരിക്കുന്നത്. പ്രളയം കഴിഞ്ഞിട്ട് എത്രയായി. കാക്കനാടുള്ള സഖാവ് പണം അടിച്ചുമാറ്റുമ്പോൾ പതിനായിരം രൂപ കിട്ടാതെ വയനാട്ടിലെ ഒരു സാധു ആത്മഹത്യ ചെയ്തതിന്റെ രാഷ്ട്രീയം  ഞങ്ങൾക്ക് ചോദിച്ചൂടെ. എന്റെ വൃക്ക വിൽക്കാനുണ്ടെന്ന് ഇടുക്കിയിലെ ഒരു പാവം എഴുതിവെച്ചില്ലേ. രണ്ട് പ്രളയം ബാധിച്ച ആളാണ് 10000 രൂപയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്തത്.

പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമുണ്ട്. എനിക്ക് വികൃത മനസാണെന്ന് എനിക്ക് വികൃത മനസാണോ, സുകൃത മനസാണോ എന്ന് പറയേണ്ടത്  നാട്ടുകാരാണ്. ഒരുകാര്യം ഉറപ്പുണ്ട് എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും കണ്ണുനീർ പൊഴിക്കേണ്ടിവന്നിട്ടില്ല, ഒരു മകനും അച്ഛനില്ലാതായി പോയിട്ടില്ല, ഏതെങ്കിലും ഒരു വീട്ടിൽ ഒരു നേരത്ത് പട്ടിണി കിടക്കേണ്ടിവന്നില്ല. ഒരു ഭാര്യയ്ക്കും ഭർത്താവിനെ നഷ്ടപ്പെട്ട് കരയേണ്ടിവന്നിട്ടില്ല. ഇതൊക്കെ സംഭവിച്ചത് ആരുടെ വികൃതമുഖവും വികൃത മനസും മൂലമാണെന്ന് മലയാളിക്ക് നന്നായിട്ടറിയാം. 46 കോടിരൂപ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചത് ചോദിക്കുമ്പോൾ മുഖ്യമന്ത്രി എനിക്കെതിരെ ശബ്ദമുയർത്തുമ്പോൾ  ലോകായുക്തയിൽ കേസ് നടക്കുകയാണ്. അതെങ്ങനെയാണ് സംഭവിച്ചതെന്നും ഷാജി ചോദിച്ചു.

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ചിലവഴിച്ചത്. അദ്ദേഹത്തിന്റെ പി.ആർ വർക്കിന് വേണ്ടി ചിലവഴിച്ച കോടികൾ എത്രയാണ്. ഈ പണം എവിടെ നിന്നാണ് കൊടുക്കുന്നത്. ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ ആരുടെയും അച്ചി വീട്ടിലെ പൈസ അല്ല. എന്റെ മുമ്പിൽ ക്യാമറയും തൂക്കിനിൽക്കുന്ന നിങ്ങളടക്കം ഉള്ള മുഴുവൻ പാവങ്ങളുടെയും പണമാണ്. ഞാൻ ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ച പോലെ വിക്രമിന്റെ അന്യൻ സിനിമയ്ക്ക് പല ഭാവവ്യത്യാസങ്ങളുമുണ്ട്. പെട്ടെന്ന് ശാന്തനായി, പെട്ടെന്ന് ക്രൂദ്ധനായി. ബിജെപിക്കാരെ കാണുമ്പോൾ നമ്മുടെ മുഖ്യമന്ത്രി അങ്ങനെയാണ് ശാന്തനായി, ഇടയ്ക്കൊന്ന് കണ്ണിറുക്കി, ലൈറ്റ് ഒക്കെ ഓഫാക്കി വളരെ ലാസ്യഭാവനത്തിൽ. പ്രളയവും ഓഖിയുമൊക്കെ കഴിയുമ്പോൾ പണം വേണമല്ലോ അപ്പോൾ വളരെ ശാന്തഭാവത്തിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചാൽ ക്രൂദ്ധഭാവത്തിൽ ഈ അഭിനയം കൊള്ളാമെന്നും കെ.എം ഷാജി പറഞ്ഞു.