കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന വൃദ്ധദമ്പതികൾ രോഗ മുക്തരായി. 87 കാരിയായ മറിയാമ്മയും 93 കാരനായ തോമസും ആണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്ത്യയിൽ കോവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ ദമ്പതികൾ ആണ് ഇവർ. മാർച്ച് 9 നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് പ്രവേശിപ്പിച്ചത്.
വൃദ്ധ ദമ്പതികളെ പരിചരിച്ച രേഷ്മ എന്ന നഴ്സും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രേഷ്മയും ഇന്ന് രോഗ മുക്തി നേടി ആശുപത്രി വിട്ടു. 60 വയസിന് മുകളിൽ പ്രായമുള്ളവർ ഹൈ റിസ്കിൽ ഉൾപെടുന്നവരാണ്. ഈ സാഹചര്യത്തിൽ ഇവർ രോഗമുക്തി നേടിയത് കേരള ആരോഗ്യ മേഖലയ്ക്ക് അഭിമാന നേട്ടം സൃഷ്‌ടിച്ച ഒരു സംഭവമായിത്തന്നെ കണക്കിലെടുക്കേണ്ടതാണ്.