തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും തീരുമാനം വരുന്നതുവരെ പ്രവാസികൾ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ രണ്ടു ലക്ഷം പേരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ കൂടുതൽ പേർ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാർപ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തിയാൽ പ്രായം ചെന്നവർ, ഗർഭിണികൾ, കോവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്ക് മുൻഗണന നൽകേണ്ടിവരും. പ്രവാസികൾ നാട്ടിലെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യുന്നതു മുതൽ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയുംഈ ഘട്ടത്തിൽ പ്രവാസികൾക്ക് ഉണ്ടാവണമെന്ന് അദ്ദേഹം നിർദേശിച്ചു. നോർക്ക റൂട്ട്സ് എല്ലാ ഗൾഫ് രാജ്യങ്ങളിലും ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രവാസികൾക്കുവേണ്ട സഹായങ്ങൾ അതുവഴി ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.