റംസാൻ കാലത്ത് ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരാൻ ധാരണ

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ റംസാൻ മാസത്തിൽ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാൻ മുസ്‌ലീം സംഘടനാ നേതാക്കളും മതപണ്ഡിതൻമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നമസ്‌കാരത്തിനും ജുമയ്ക്കുമായി നിരവധി പേർ പള്ളിയിലെത്തുന്ന കാലമാണിത്. റംസാൻ മാസത്തിലെ ഇഫ്താർ, ജമ, അഞ്ചു നേരത്തെ ജമ, കഞ്ഞിവിതരണം പോലെയുള്ള ദാനധർമ്മാദി പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം വേണ്ടെന്ന് വയ്ക്കുമെന്നും ഇന്നത്തെ സാഹചര്യത്തിൽ അതാണ് നല്ലതെന്നും മതപണ്ഡിതൻമാർ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഇസ്‌ലാം പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണമുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണത്തിനായി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് അവർ ഉറപ്പു നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശരിയായ നിലപാടെടുത്ത മതനേതാക്കളോട് മുഖ്യമന്ത്രി സർക്കാരിന്റെ നന്ദി അറിയിച്ചു. സമൂഹത്തിന്റെ ആവശ്യം അറിഞ്ഞു പ്രവർത്തിക്കാനും പ്രതികരിക്കാനും കഴിയുന്ന നേതൃനിരയാണ് മതസാമുദായിക സംഘടനകൾക്കുള്ളതെന്നും ഇത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹഭാവി കണക്കിലെടുത്ത് കൂടിച്ചേരലുകളും കൂട്ടപ്രാർത്ഥനകളും മാറ്റാൻ ഏകകണ്ഠമായ നിലപാടെടുത്ത അവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നതിന് ഭക്ഷ്യകിറ്റ് നൽകുന്നത് റംസാൻ കാലത്ത് പതിവാണ്. ഇത്തവണ ഈ കിറ്റ് അർഹരായവരുടെ വീടുകളിലെത്തിക്കുന്നത് വലിയ പുണ്യപ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലത്തെ കൂട്ടായ്മ ഒഴിവാക്കി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വാസപ്രകാരമുള്ള ചടങ്ങുകൾ എങ്ങനെ നടത്താമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ചു.