സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്, ഒരാൾ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ഏഴുപേർക്കും കോഴിക്കോട് രണ്ടുപേർക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് സ്വദേശിയുടെ ഫലമാണ് നെഗറ്റീവായത്.

ഇതുവരെ സംസ്ഥാനത്ത് 437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 127 പേർ ഇപ്പോൾ  ചികിത്സയിലാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 29,150 പേർ  നിരീക്ഷണത്തിലുണ്ട്. ഇതിൽ 28,804 പേർ വീടുകളിലും 346 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പോസിറ്റീവായ 11 കേസുകളിൽ 6  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേർ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുപേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇരുവരും കേരളത്തിനു പുറത്തുനിന്ന് ട്രെയിനിൽ വന്നവരാണ്. കേരളത്തിൽ ഇപ്പോൾ  ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളുള്ളത് കണ്ണൂർ ജില്ലയിലാണ്. ആ സ്ഥിതിക്ക് അവിടെ നിയന്ത്രണങ്ങളും പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഹോട്ട്സ്പോട്ടുകൾ പൂർണമായും സീൽ ചെയ്തു. ആവശ്യവസ്തുക്കൾ വീട്ടുപടിക്കൽ എത്തിക്കുന്നത് ജില്ലയിലാകെ വ്യാപിപ്പിക്കും. സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങൾ വഴിയുള്ള യാത്ര തടയും. ചരക്ക് വാഹനങ്ങളും പരിശോധിക്കും. അനധികൃതമായി വരുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് കോവിഡ് സൃഷ്‌ടിച്ച ആഘാതം വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നികുതി വലുമാനം നിലച്ചു, ഒപ്പം ചിലവും വർധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോൾ. ആരോഗ്യ,  ഭക്ഷ്യ, സുരക്ഷാ മേഖലകളിലെ ചിലവ് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനം എന്നും എന്നാൽ സാമൂഹികക്ഷേമ നടപടികളിൽ കുറവൊന്നും വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങളെ കർക്കശമായി നേരിടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമായി കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.