4 ജില്ലകൾ റെഡ് സോണിൽ, ബാക്കി ജില്ലകൾ ഓറഞ്ച് സോണിലും

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ 4 ജില്ലകൾ റെഡ് സോണിൽ തന്നെ തുടരുമെന്നും ഇവിടങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കി 10 ജില്ലകൾ ഓറഞ്ച് സോണിലാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പോസിറ്റീവായ കേസുകൾ ഇല്ലാതിരുന്നതിനാൽ ഇടുക്കി, കോട്ടയം എന്നീ ജില്ലകളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ഇളവുകൾ നൽകിയിരുന്നു. എന്നാൽ പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ഈ ജില്ലകളെയും ഓറഞ്ച് സോണിൽ ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പത്തു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലുപേർക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ രണ്ടുപേർക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ച നാലു പേർ അയൽ സംസ്ഥാനങ്ങളിൽനിന്നും രണ്ടു പേർ വിദേശത്തുനിന്നും വന്നവരാണ്. നാല് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. എട്ടുപേർ ഇന്ന് രോഗമുക്തി നേടിയതായും അദ്ദേഹം അറിയിച്ചു. കാസർകോഡ് ജില്ലയിൽ 6 പേരുടെയും മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുടെയും പരിശോധന ഫലം ആണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് ആകെ 447 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 23,439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.