സംസ്ഥാനത്ത് രണ്ട് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്നും പതിനാല് പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർകോട്, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നു വന്നതാണ്. പാലക്കാട് 4 പേരുടെയും, കൊല്ലം 3 പേരുടെയും, കണ്ണൂരും കാസർകോഡും 2 പേരുടെയും, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. ഇതിൽ 111 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,711 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 20,285 പേർ വീടുകളിലും 426 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.