കോവിഡ് 19 രോഗ ബാധയേറ്റ് ഇന്ത്യയിലെ ആദ്യ മരണം കർണാടകയിൽ സ്ഥിരീകരിച്ചു. കർണാടകയിലെ കൽബുർഗി സ്വദേശിയായ 76 കാരൻ മുഹമ്മദ് ഹുസ്സൈൻ സിദ്ധിഖിയാണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം മരിച്ചതെങ്കിലും ഇന്നാണ് കോവിഡ് 19 രോഗ ബാധിതനാണ് എന്ന റിപ്പോർട്ട് ലഭിച്ചത്.
സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 ന് ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തി. ന്യുമോണിയയും കോവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്ന ഇദ്ദേഹം കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തി. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ മാർച്ച് 9 ന് ഹൈദരാബാദിലേക്ക് മാറ്റുകയും എന്നാൽ രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു.
കോവിഡ് രോഗബാധ മൂലം ഇന്നലെ മരണം സംഭവിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. തെലങ്കാന സർക്കാരിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.