കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. തെർമൽ സ്കാനർ വഴിയുള്ള പരിശോധനയ്ക്ക് ശേഷം മാത്രമേ ജീവനക്കാരെയും സന്ദർശകരെയും സർക്കാർ ഓഫീസുകളിലേക്ക് കടത്തി വിടുകയുള്ളു. വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള എല്ലാ ഓഫീസുകളിലും ഇത് ബാധകമാണെന്ന് പൊതു ഭരണ സെക്രട്ടറി ഉത്തരവിറക്കി.
ഔദ്യോഗിക കാര്യങ്ങൾക്ക് അത്യാവശ്യമുള്ള സന്ദർശകരെ ബന്ധപ്പെട്ട ഓഫീസറുടെ നിർദേശാനുസരണം മാത്രം കടത്തി വിടാനുള്ള സംവിധാനം ഏർപ്പെടുത്തണം എന്നും സന്ദർശകർക്കുള്ള പ്രവേശനം ഒരു ഗേറ്റ് വഴി മാത്രമാക്കണമെന്നും ഉത്തരവിൽ പറയുന്നു. തെർമൽ സ്കാനർ ഉപയോഗിക്കാൻ അതത് ഓഫീസുകളിലുള്ള ജീവനക്കാർക്ക് പരിശീലനം നൽകും. അത്യാവശ്യമില്ലാത്ത ഔദ്യോഗിക യാത്രകളും
അടിയന്തിരമല്ലാത്ത എല്ലാ മീറ്റിങ്ങുകളും ഒഴിവാക്കണമെന്നും അടിയന്തിര പ്രാധാന്യമുള്ള മീറ്റിങ്ങുകൾ കഴിവതും വീഡിയോ കോൺഫെറെൻസിങ് വഴി മാത്രം നടത്തണമെന്നും നിർദേശമുണ്ട്.
സന്ദർശകർ കൂടുതൽ എത്തുന്ന വില്ലേജ്, ആർ.ടി. ഓഫീസുകളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തും. പണമിടപാടുകൾ ഉള്ള സർക്കാർ ഓഫീസുകളിൽ സാനിറ്റൈസറുകൾ ഉപയോഗിക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പണമിടപാടുകൾ പരമാവധി ഓൺലൈൻ മാർഗം ചെയ്യാൻ നിർദേശമുണ്ട്. ഇത് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഓഫറുകളും വരും ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിക്കും. ഫയലുകൾ ഇ ഫയലുകൾ ആക്കാനും നിർദേശമുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി എടുക്കാൻ വകുപ്പ് മേധാവികൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.