മറ്റു രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാം ഘട്ട നിരീക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്തെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് 19 ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും നിരവധി ലോക രാജ്യങ്ങളിൽ കോവിഡ് 19 വ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രത തുടരണം. നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി എയർ പോർട്ടിൽ 3 ഷിഫ്റ്റായി പരിശോധന ശക്തിപ്പെടുത്തുമെന്നും ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളും അവിടേക്കുള്ള ജീവനക്കാരെയും ഇതിനായി സജ്ജരാക്കിയിട്ടുണ്ടെന്നും കെ.കെ.ശൈലജ ടീച്ചർ വ്യക്തമാക്കി.
കൊറോണ ബാധിത പ്രദേശത്തു നിന്ന് വന്നവർ സ്വയം മുന്നോട്ട് വന്ന് 28 ദിവസത്തെ നിരീക്ഷണത്തിന് സ്വയം സന്നദ്ധരാകണം. വ്യക്തിപരമായ സുരക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും വേണ്ടി എല്ലാവരും ഒരിക്കൽ കൂടി സഹകരിച്ചാൽ സംസ്ഥാനത്തിന്റെ മൊത്തം പ്രശ്നമാകാതെ നമുക്കെല്ലാവരെയും സംരക്ഷിക്കാൻ സാധിക്കുമെന്നും ശൈലജ ടീച്ചർ അറിയിച്ചു.