ഇന്ത്യയിലെ ആസ്‌തിക്ക് പ്രവാസികൾ ഇനി നികുതി അടക്കണം

വിദേശത്തെ വരുമാനത്തിന് പ്രവാസികൾ ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല, എന്നാൽ ഇന്ത്യയിലെ ആസ്‌തിക്ക് നികുതി അടക്കേണ്ടത് നിർബന്ധമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

ബജറ്റ് പ്രഖ്യാപനത്തിൽ പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപ്പെടുത്തുന്നതിനെതിരെ ഉയർന്ന എതിർപ്പുകളുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. ഇന്ത്യയിൽ നികുതി ഒഴിവാക്കാൻ നികുതി കുറഞ്ഞതോ നികുതി ഇല്ലാത്തതോ ആയ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഇത് വലിയൊരു തിരിച്ചടിയാണ്. മറ്റേതെങ്കിലും രാജ്യത്ത് നികുതി നല്കാത്തവരെ ഇന്ത്യൻ പൗരന്മാരായി കണക്കാക്കുമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ പുതിയ നിർദേശം.

ഇന്ത്യയിലെ ബിസിനസിലും തൊഴിലിലും നിന്നുള്ള വരുമാനത്തിനാണ് പ്രവാസികൾക്ക് നികുതി ഈടാക്കുക. വിദേശത്തുള്ള ആസ്‌തിക്ക് ഇന്ത്യയിൽ എന്തെങ്കിലും വരുമാനം ലഭിച്ചാൽ അതിനും നികുതി നൽകേണ്ടി വരുമെന്നും മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

182 ദിവസം ഇന്ത്യയ്ക് പുറത്തു താമസിക്കുന്നവരെയാണ് പ്രവാസിയായി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ ബജറ്റ് പ്രകാരം അത് 240 ദിവസമായി ഉയർത്തി. 120 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്നവർ നികുതി നൽകണമെന്നതാണ് ബജറ്റിലെ നിർദേശം.