ഇനി പാല്‍ വാങ്ങാം എ.ടി.എംവഴി

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വിതരണ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി മില്‍മ. പാല്‍ ലഭിക്കുന്ന എ.ടി.എം സെന്ററുകള്‍ സ്ഥാപിക്കാനാണ് നീക്കം. പ്രാഥമികമായി തിരുവനന്തപുരം മേഖലയില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മില്‍മ പാല്‍ എ.ടി.എം സെന്ററുകള്‍ തുറക്കും. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

തിരുവനന്തപുരം നഗരത്തില്‍ അഞ്ച് കേന്ദ്രങ്ങളില്‍ പാല്‍ വിതരണ എ.ടി.എം സെന്ററുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഇവയുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം കൂടുതല്‍ സെന്ററുകള്‍ തുറക്കാനാണ് തീരുമാനം. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും മില്‍മ അവകാശപ്പെടുന്നു. പദ്ധതി വിജയകരമായാല്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് മില്‍മയുടെ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്.