മോദിയെ മോശമായി ചിത്രീകരിച്ച സ്‌കൂളിന് എതിരെ കേസ്

ബിദര്‍: പൗരത്വ നിയമ ഭേദഗതിയെയും (സി.എ.എ), ദേശിയ പൗരത്വ പട്ടികയെയും(എന്‍.ആര്‍.സി) എതിര്‍ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത് നാടകം കളിച്ച സ്‌കൂളിന് എതിരെ പോലീസ് കേസെടുത്തു. കര്‍ണാടകയിലെ ബിദറിലുള്ള ഷഹീന്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന് എതിരെയാണ് നടപടി. ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനായ നീലേഷ് രക്ഷ്യല്‍ എന്നയാളാണ് വിഷയത്തില്‍ പരാതി നല്‍കിയത്. സുപ്രധാന വിഷയങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ നാടകം നടത്തിയെന്നും, സി.എ.എ, എന്‍.ആര്‍.സി നടപ്പായാല്‍ ഒരു വിഭാഗം ജനങ്ങള്‍ രാജ്യം വിടേണ്ടിവരുമെന്നു പ്രചരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മതസൗഹാര്‍ദം തകര്‍ക്കാനാണെന്നും ആരോപണമുണ്ട്.