തിരുവനന്തപുരം:കൊറോണ വൈറസ് ബാധ നേരിടുവാൻ കേരളം സജ്ജമാണെന്നും ആശങ്കപ്പെടെണ്ട സാഹചര്യങ്ങൾ ഒന്നും തന്നെയില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ചൈനയിലെ വുഹാനിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയെ നേരത്തെ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നുവെന്നും ഒപ്പം കേരളത്തിൽ മൂന്ന് പേർ കൂടെ നിരിക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
ചൈനയിൽ നിന്നും മടങ്ങിയെത്തിയ 20 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു ഇതിൽ 10 പേരുടെ പരിശോധന ഫലം നെഗറ്റിവാണ്. ഒരാൾക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധന ഫലം വരുവാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 806 പേർ നിരിക്ഷണത്തിലാണ്. ചൈനയുൾപ്പെടെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും എല്ലാ എയർ പോർട്ടുകളും ഇപ്പോൾ കർശന നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ചുമ, പനി, ശ്വാസ തടസം എന്നിവയാണ് കൊറോണയുടെ പ്രധാന 3 ലക്ഷണങ്ങൾ. കൊറോണ ഉണ്ടെന്ന് സംശയം തോന്നുന്നവരുടെ രക്തം പരിശോധനയ്ക്കായി പുനെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കണമെന്ന് സ്വകാര്യ ഹോപിറ്റലുകൾക്കടക്കം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.