തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികളുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സഭയ്ക്ക് പുറത്തുള്ള നേതാക്കളുടെ പ്രസ്താവന ഗൗരവമായി കാണേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജന് മറുപടി നല്കി.
താമരശേരിയില്‍ കെഎസ്കെടിയു സമ്മേളനത്തില്‍ സംസാരിക്കവേയാണ് പി.മോഹനന് വിവാദ പ്രസ്താവന നടത്തിയത്. ഇസ്ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്കി വളര്‍ത്തുന്നതെന്നുമായിരുന്നു മോഹനന്റെ പ്രസ്താവന.
അതേസമയം മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലീം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.