മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം; രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രം സാമ്‌ന. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമെന്നാണ് ശിവസേനയുടെ ആരോപണം. കൂടാതെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധവും നീതികരിക്കാനാകാത്തതും വഞ്ചനയാണെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ല. എന്നാല്‍ രാഷ്ട്രപതി ഭരണം ഇതിലേക്ക് വഴിതെളിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ലെന്നും വിമര്‍ശിച്ചിട്ടുണ്ട്. ബിജെപി മെഹബൂബ മുഫ്തിക്കൊപ്പവും നിതീഷ് കുമാറിനൊപ്പവും പോയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യവും ശിവസേന ഉന്നയിക്കുന്നു. ഭഗവാന്‍ നീലകണ്ഠനെപ്പോലെ ഞങ്ങള്‍ വിഷം ആഗിരണം ചെയ്തു. ബിജെപി അവരുടെ വാക്ക് പാലിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇത്തരമൊരു നീക്കം നടത്തുകയില്ലായിരുന്നുവെന്നാണ് ശിവസേന പറയുന്നത്.