നാദാപുരം: മുച്ചക്ര വണ്ടിയും ബൈക്കും കൂട്ടിയിടിച്ച കേസില്‍ പ്രതിയായ കിടപ്പു രോഗിക്ക് വാറന്റായതോടെ കോടതിയില്‍ എത്തിയത് ആംബുലന്‍സില്‍. വളയം കാലിക്കുളമ്പില്‍ ബാബു (45) വിനാണ് വളയം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേട്ട് ഇ. രഞ്ജിത്ത് വാറന്റ് പുറപ്പെടുവിച്ചത്. പൂങ്കുളത്തെ വള്ളില്‍ നിധിന അപകടത്തില്‍ മരിച്ച കേസിലാണ് ബാബു പ്രതിയായത്. ബാബു ഓടിച്ച മുച്ചക്ര വണ്ടിയും നിധിന സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്.
തെങ്ങില്‍ നിന്ന് വീണു നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായ ബാബുവിന് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ എത്താന്‍ കഴിയില്ലെന്നും വക്കീല്‍ മുഖേന കേസ് നടപടികള്‍ മുന്‍പോട്ടു കൊണ്ടു പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് ബന്ധുക്കളുടെ സഹായത്തോടെ ഇന്നലെ ബാബുവിനെ സ്‌ട്രെക്ചറില്‍ കോടതിയിലെത്തിച്ചത്. തുടര്‍ന്ന് ഇനി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും ഉത്തരവായി.