തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിന്റെ മരണത്തില്‍ നിയമസഭയില്‍ മറുപടി നല്കി മന്ത്രി എ.കെ.ശശീന്ദ്രന്. പൊലീസ് നല്കിയ റിപ്പോര്‍ട്ടാണ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. ശ്രീറാം വെങ്കിട്ടരാമന് അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ശീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല.
അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഒരാഴ്ചയ്ക്കിടെ ആറുകോടി 26 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും മന്ത്രി എ.കെ.ശശീന്ദ്രന് സഭയില്‍ വ്യക്തമാക്കി.